നിയമസഭാ സ്പീക്കർ എന്ന നിലയിൽ തൽസ്ഥാനത്ത് തുടരുന്നതിന് ഷംസീറിന് അർഹത ഇല്ലെന്ന് ജി.സുകുമാരൻ നായർ
ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതി ഭഗവാനെ സംബന്ധിച്ച വിശ്വാസത്തെ വിമർശിച്ചുകൊണ്ടുള്ള കേരളാ നിയമസഭാ സ്പീക്കർ ഷംസീറിന്റെ നിരൂപണം ഏതു മതത്തിൽ വിശ്വസിക്കുന്നവർക്കായാലും, പ്രത്യേകിച്ച് ജനാ ധിപത്യത്തിന്റെ ശ്രീകോവിലായ അസംബ്ലിയെ നിയന്ത്രിക്കുന്ന വ്യക്തിക്കായാലും യോജിച്ചതല്ല എന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പറഞ്ഞ സാഹചര്യം എന്തായാലും അത് ഒരു തരത്തിലും ന്യായീകരിക്കത്തക്കതല്ല. അദ്ദേഹത്തിന്റെ പ്രസ്താവന അതിരു കടന്നുപോയി.ഓരോ മതത്തിനും അതിന്റേതായ വിശ്വാസപ്രമാണങ്ങളുണ്ട്. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അർഹതയോ അവകാശമോ ഇല്ല.മതസ്പർധ വളർത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും അത് അംഗീകരിക്കാവുന്നതല്ല.ഈ സാഹചര്യത്തിൽ, നിയമസഭാസ്പീക്കർ എന്ന നിലയിൽ തൽസ്ഥാനത്ത് തുടരുന്നതിനുതന്നെ അദ്ദേഹത്തിന് അർഹതയില്ല. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുവിധം സ്പീക്കർ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് അവരോട് മാപ്പുപറയുകയാണ് ചെയ്യേണ്ടത്. അല്ലാത്തപക്ഷം സ്പീക്കർക്കെതിരെ യുക്തമായ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാനസർക്കാരിന് ബാധ്യതയുണ്ട് എന്നും ജി. സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.