'ആവശ്യമില്ലാതെ കാലുനക്കാൻ പോയാൽ ഇതൊക്കെ കേൾക്കും, കൂറിലോസ് മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആളായിരുന്നു'; ജി സുകുമാരൻ നായർ
യാക്കോബായ സഭാ നിരണം മുൻ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്തയ്ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ പരിഹസിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ആവശ്യമില്ലാതെ കാലുനക്കാൻ പോയാൽ ഇതൊക്കെ കേൾക്കുമെന്നായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. കൂറിലോസ് മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സുരേഷ്‌ഗോപിയുടെ മന്ത്രി സ്ഥാനത്തിന് വേണ്ടി എൻഎസ്എസ് മദ്ധ്യസ്ഥാനം വഹിച്ചിട്ടില്ലെന്നും എൻഎസ്എസിന് രാഷ്ട്രീയമില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
'കേന്ദ്രമന്ത്രി സ്ഥാനം രണ്ടെണ്ണം കേരളത്തിന് ലഭിച്ചതിൽ സന്തോഷമുണ്ട്. കേന്ദ്രത്തിന്റെ അനുഭവം പഠിച്ച് ജനങ്ങൾക്ക് ഗുണകരമായ പ്രവൃത്തി ഇനിയെങ്കിലും കേരള സർക്കാർ ചെയ്തില്ലെങ്കിൽ അവർക്ക് ഈ അനുഭവം തന്നെയാണ് ഉണ്ടാകുക', അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് പരാജയത്തിന് പിന്നാലെ എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്കെത്തണമെന്നില്ലെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് വിമർശിച്ചിരുന്നു. പുരോഹിതന്മാരുടെ ഇടയിലും ചില വിവരദോഷികളുണ്ടാകുമെന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുപടി.