കോൺഗ്രസിന്റെ ഫണ്ട് മരവിപ്പിച്ചത് ബി.ജെ.പിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ; എം.എം. ഹസൻ
കോൺഗ്രസിന്റെ ഫണ്ട് മരവിപ്പിച്ച് തെരഞ്ഞെടുപ്പ് ബി.ജി.പിക്ക് അനുകൂലമായി അട്ടിമറിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ. ഇതിനെതിരേ കേരളത്തിലും രാജ്യവ്യാപകമായും വമ്പിച്ച പ്രതിഷേധം അലയടിക്കുകയാണെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. പാർട്ടി നേതാക്കൾക്ക് യാത്ര ചെയ്യാനോ പ്രചാരണം നടത്താനോ പണമില്ലാത്ത അവസ്ഥയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യത്തെ സംഭവമാണ്. കോൺഗ്രസിന്റെ 115 കോടി രൂപയാണ് ആദായനികുതിയായി ബലമായി പിടിച്ചെടുത്തത്. ബാക്കി പണം മരവിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയകക്ഷികളുടെ വരുമാനത്തിന് ആദായനികുതി ബാധകമല്ലാത്തപ്പോഴാണ് ഇത്തരമൊരു നടപടി ഉണ്ടായത്. അനാരോഗ്യം മൂലം സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുന്ന സോണിയ ഗാന്ധിപോലും ഇതിനെതിരേ ശബ്ദമുയർത്തി രംഗത്തുവന്നത് സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ്.
അനധികൃതമായ ഇലക്ട്രൽ ബോണ്ടിലൂടെ കോടാനുകോടികൾ ബി.ജെ.പി സമാഹരിച്ചിട്ടാണ്, പൊതുജനങ്ങളിൽനിന്ന് കോൺഗ്രസ് സമാഹരിച്ച ഫണ്ട് കൈയിട്ടുവാരിയത്. കോൺഗ്രസിനും ജനാധിപത്യത്തിനു നേരേ നടക്കുന്ന സാമ്പത്തിക ആക്രമണമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. ബി.ജെ.പി അടച്ച ആദായനികുതിയുടെ കണക്ക് വെളിപ്പെടുത്തണം. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിനെ രാത്രി വീട്ടിൽനിന്ന് ഇഡി അറസ്റ്റ് ചെയ്തത് മറ്റൊരു ഏകാധിപത്യനടപടിയാണ്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും ഈ രീതിയിൽ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു മാസത്തിനിടെ ഇൻഡ്യ മുന്നണിയിലെ രണ്ടാമത്തെ മുഖ്യമന്ത്രിയെയാണ് അറസ്റ്റ് ചെയ്തത്. ഇതിനെതിരേ കോൺഗ്രസ് കേരളം ഉൾപ്പെടെ രാജ്യവ്യാപകമായി പ്രതിഷേധിച്ചു.
മോദിയുടെ ഏകാധിപത്യ നടപടികളെ കുറെയെങ്കിലും ചെറുത്തുനിർത്തുന്നത് സുപ്രീംകോടതിയാണ്. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകളുടെ വസ്തുതാപരിശോധന നടത്താൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോയെ ചുമതലപ്പെടുത്തി സെൻസർഷിപ്പ് ഏർപ്പെടുത്താനുള്ള നടപടി സുപ്രീംകോടതി തടഞ്ഞു. വാട്‌സാപ്പിലൂടെ മോദിയുടെ വികസിത് ഭാരത് സന്ദേശം പ്രചരിപ്പിച്ച് വോട്ടു തേടുന്ന നടപടി തെരഞ്ഞെടുപ്പ് കമ്മീഷനും വിലക്കിയിട്ടുണ്ട്. രണ്ടും സ്വാഗതാർഹമായ നടപടികളാണ്. 400 സീറ്റ് നേടി വൻവിജയം കൊയ്യുമെന്നു അവകാശപ്പെടുന്ന ബി.ജെ.പി എത്രമാത്രം അരക്ഷിതമാണെന്നാണ് അവരുടെ നടപടികൾ വ്യക്തമാക്കുന്നതെന്നും ഹസൻ ചൂണ്ടിക്കാട്ടി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എൻ ശക്തൻ, ജനറൽ സെക്രട്ടറിമാരായ ടിയു രാധാകൃഷ്ണൻ, ജിഎസ് ബാബു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.