മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു
മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി (79) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ബുധനാഴ്ച രാവിലെ 7.45-ഓടടെയാണ് അന്ത്യം. അർബുദ ബാധിതനായിരുന്നു. ഫുട്‌ബോൾ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ചാത്തുണ്ണിക്ക് ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിൽ സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്.
ചാത്തുണ്ണിയുടെ പരിശീലനത്തിൽ ഇന്ത്യൻ ഫുട്‌ബോളിന്റെ മുൻനിരപ്പടയാളികളായി മാറിയവർ ഏറെ. ഐ.എം. വിജയൻ മുതൽ ഗോവയുടെ ബ്രൂണോ കുട്ടീഞ്ഞോ വരെയുണ്ട് അക്കൂട്ടത്തിൽ. പട്ടാള ടീമായ ഇ.എം.ഇ. സെക്കന്ദരാബാദ്, വാസ്‌കോ ഗോവ, ഓർക്കേ മിൽസ് ബോംബെ തുടങ്ങിയ ക്ലബ്ബുകളിലും സന്തോഷ് ട്രോഫിയിൽ സർവീസസ്, ഗോവ, മഹാരാഷ്ട്ര സംസ്ഥാന ടീമുകളിലും താരമായിരുന്നു.
1990-ൽ എം.ആർ.എഫ് ഗോവ, ചർച്ചിൽ ഗോവ, കെ.എസ്.ഇ.ബി,, സാൽഗോക്കർ, മോഹൻ ബഗാൻ, എഫ്.സി. കൊച്ചിൻ, വിവ കേരള, ഗോൾഡൻ ത്രഡ്സ്, ജോസ്‌കോ എഫ്.സി., വിവ ചെന്നൈ ഉൾപ്പെടെ രാജ്യത്തെ പ്രധാന ഫുട്‌ബോൾ ശക്തികളായ നാല് സംസ്ഥാനങ്ങളിലെ പല ക്ലബുകളുടെയും പരിശീലകസ്ഥാനം വഹിച്ചിട്ടുണ്ട്. 1979-ൽ കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനായി. മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ്, സാൽഗോക്കർ, എഫ്‌സി. കൊച്ചിൻ എന്നിങ്ങനെ നിരവധി പ്രൊഫഷണൽ ക്ലബ്ബുകളേയും പരിശീലിപ്പിച്ചു 'ഫുട്‌ബോൾ മൈ സോൾ' എന്ന പേരിൽ അദ്ദേഹം ആത്മകഥയെഴുതിയിട്ടുണ്ട്