332 ഹോട്ടലുകൾ, 210 ബേക്കറികൾ; മലപ്പുറത്ത് ആരോഗ്യവകുപ്പ് ഭക്ഷ്യ സുരക്ഷ പരിശോധന തുടരുന്നു
ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ ഭക്ഷണ നിർമാണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഭക്ഷണജന്യ-ജലജന്യ രോഗങ്ങൾ തടയുന്നതിന് വേണ്ടി ഭക്ഷണ നിർമാണ വിതരണ യൂണിറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനാണ് പരിശോധനകൾ നടത്തിയത്. നിയമലംഘനങ്ങൾ കണ്ടെത്തിയ ഇടങ്ങളിൽ വിവിധ ഇനങ്ങളിലായി 53,200 രൂപ പിഴയീടാക്കുകയും ചെയ്തെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
332 ഹോട്ടലുകൾ, 276 കൂൾബാറുകൾ, 23 കാറ്ററിംഗ് സെന്ററുകൾ, 210 ബേക്കറികൾ, എട്ട് ഐസ് പ്ലാന്റുകൾ, ഒമ്പത് കുടിവെള്ള ബോട്ടിലിങ് യൂണിറ്റുകൾ, ഒമ്പത് സോഡാ നിർമാണ യൂണിറ്റുകൾ, 22 സ്വകാര്യ കുടിവെള്ള ടാങ്കുകൾ, 13 ഐസ്‌ക്രീം യൂണിറ്റുകൾ എന്നിവയാണ് പരിശോധിച്ചത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്തതിനും മലിനജലം പുറത്തേക്ക് ഒഴുക്കിയതിനും പകർച്ചവ്യാധി പടരുന്ന സാഹചര്യം സൃഷ്ടിച്ചതിനുമായി 41 ഹോട്ടലുകൾക്കും 23 കൂൾബാറുകൾക്കും അഞ്ച് കാറ്ററിംഗ് സെന്ററുകൾക്കും, 13 ബേക്കറികൾക്കും രണ്ട് ഐസ്പ്ലാന്റുകൾക്കും നോട്ടീസ് നൽകി.