സ്റ്റേഷനിൽ നിർത്താതെ എക്സിക്യൂട്ടീവ് എക്സ്പ്രസ്, രാത്രി മഴയത്ത് വലഞ്ഞ് യാത്രക്കാർ; പ്രതിഷേധം
ട്രെയിൻ സ്റ്റേഷനിൽ നിർത്താത്തതിനെത്തുടർന്ന് പ്രതിഷേധവുമായി യാത്രക്കാർ. ആലപ്പുഴ - കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസാണ് (16307 നമ്പർ) പയ്യോളി റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാത്രി നിർത്താതെ കടന്നുപോയത്. രാത്രി 10.54 നാണ് സ്റ്റേഷനിൽ എത്തിയത്. ട്രെയിൻ രണ്ട് കിലോമീറ്റർ അകലെ അയനിക്കാട് നിർത്തി. എന്നാൽ, ട്രാക്കിന് സമീപം കാടും കനത്ത മഴയുമായതിനാൽ യാത്രക്കാർക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് വടകര സ്റ്റേഷനിൽ തീവണ്ടി നിർത്തിയപ്പോൾ യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിന് മുന്നിൽ ബഹളംവെക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു.
മഴയിൽ പയ്യോളി സ്റ്റേഷന്‍റെ ബോർഡ് ഡ്രൈവർക്ക് കാണാൻ കഴിയാതിരുന്നതാണ് പിഴവിന് കാരണമെന്ന് റെയിൽവേ വ്യക്തമാക്കി. ലോക്കോ പൈലറ്റിനെതിരെ ആദ്യന്തര അന്വേഷണം തുടങ്ങി. റെയിൽവേ കൺട്രോളിങ്ങ് ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം . അന്വേഷണ റിപ്പോർട്ടിന് ശേഷം നടപടിയെന്നും റെയിൽവേ അറിയിച്ചു.