ശബരിമലയിലെ തിരക്ക് സ്വാഭാവികം; ഭക്തർ സ്വയം നിയന്ത്രിക്കണം: ദേവസ്വം മന്ത്രി
ശബരിമലയിലെ തിരക്ക് സ്വാഭാവികമായുണ്ടാകുന്നതാണെന്നും അത് വലിയ വിവാദമാക്കാനാണ് ശ്രമിക്കുന്നതെന്നും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പങ്കെടുത്ത അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദമുണ്ടാക്കുന്നതിന് പിന്നിൽ ലക്ഷ്യം വേറെയാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം ഉണ്ടായിരുന്നത്ര ആളുകൾ തന്നെയാണ് ഇത്തവണയും എത്തുന്നത്. പതിനെട്ടാം പടി കയറുക എന്നത് വളരെ പ്രധാനമാണ്. പതിനെട്ടാം പടിയിൽ ഒരു മിനിറ്റിൽ 75 പേരെയെ പരമാവധി കയറ്റാൻ സാധിക്കൂ. 17 മണിക്കൂർ ആയിരുന്നു ദർശന സമയം. അത് ഒരു മണിക്കൂർ വർധിപ്പിച്ചു. വെർച്വൽ ക്യു 90000 ആയിരുന്നത് 80000 ആയി കുറച്ചു. സ്പോട് ബുക്കിങ് കുറച്ചു. അതനുസരിച്ച് ക്യു നിയന്ത്രിക്കാനാകും.
‘‘ഐജിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. ഭക്തർക്ക് യാതൊരു തരത്തിലുള്ള തടസ്സവും ഇല്ലാതെ നോക്കുന്നുണ്ട്. പൊതുവെ അന്തരീക്ഷം സുഗമമായി പോകുന്നുണ്ട്. തീർഥാടകരുടെ എണ്ണം കൂടുന്നതുകൊണ്ടുള്ള പ്രശ്നമുണ്ട്. മറ്റ് പല മാർഗങ്ങളിലൂടെ ഭക്തർ സന്നിധാനത്തേക്ക് എത്തുന്നു. ഭക്തർ സ്വയം നിയന്ത്രിക്കാൻ തയാറാകണം. ഭൗതിക സാഹചര്യങ്ങളിൽ ഒരു കുറവും ഇല്ല’’. മന്ത്രി പറഞ്ഞു.