രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ച ചെയ്ത് സി.പി.എം; സി.പി.ഐയും കേരള കോൺഗ്രസ് എമ്മും മത്സരിക്കും
രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ച ചെയ്ത് സി.പി.എം. ഒഴിവുവരുന്ന രണ്ട് സീറ്റുകളിൽ സി.പി.ഐയും കേരള കോൺഗ്രസ് എമ്മും മത്സരിക്കും. എൽ.ഡി.എഫ്. മുന്നണിയോഗത്തിലാണ് തീരുമാനം ഉണ്ടായത്. യോഗത്തിൽ തർക്കത്തിനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു. ഇതോടെ ജോസ് കെ. മാണി കേരള കോൺഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാർഥി ആയേക്കും.
സാധാരണയായി രാജ്യസഭാസീറ്റ് ഘടകകക്ഷികൾക്കു വിട്ടുകൊടുക്കുന്ന രീതി സി.പി.എം. സ്വീകരിക്കാറില്ല. 2000ത്തിൽ ആർ.എസ്.പിക്ക് രാജ്യസഭാസീറ്റ് നൽകിയതാണ് ഇതിലൊരു മാറ്റമുണ്ടായത്. മധ്യകേരളത്തിൽ ഇടതുപക്ഷത്തിന് സ്വാധീനം ഉറപ്പാക്കണമെങ്കിൽ മുന്നണിക്കൊപ്പം കേരള കോൺഗ്രസ് അനിവാര്യമാണെന്ന ചിന്തയാണ് സി.പി.എമ്മിനെ വിട്ടുവീഴ്ചയിലേക്ക് നയിച്ചതെന്നാണ് സൂചന.
അതേസമയം, സീറ്റ് കിട്ടാത്തതിൽ ആർ.ജെ.ഡിക്ക് കടുത്ത പ്രതിഷേധമുള്ളതായും വിവരമുണ്ട്. നേതൃയോഗം വിളിച്ച് തുടർ തീരുമാനം എടുക്കാൻ പാർട്ടി തയാറെടുക്കുന്നതായാണ് സൂചന.