കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസിൽനിന്ന് ഒഴിവാക്കണമെന്ന് കാഡൽ; ആവശ്യം കോടതി തള്ളി
അച്ഛനും അമ്മയും ഉൾപ്പെടെ 4 പേരെ കൊലപ്പെടുത്തിയ കേസിൽനിന്ന് ഒഴിവാക്കണമെന്ന പ്രതി കാഡൽ ജിൻസൺ രാജയുടെ ആവശ്യം കോടതി തള്ളി. കൊലപാതകം നടത്തുമ്പോൾ പ്രതി മനോരോഗത്തിനു ചികിത്സയിൽ ആയിരുന്നോ എന്ന് അന്വേഷിക്കാൻ പൊലീസിന് ഒന്നാം അഡി.സെഷൻസ് കോടതി നിർദേശം നൽകി. ആസ്ട്രൽ പ്രൊജക്ഷന്റെ പേരുപറഞ്ഞ് അമ്മയും അച്ഛനും ഉൾപ്പെടെ നാലുപേരെ കാഡൽ ജിൻസൺ രാജ കൊലപ്പെടുത്തിയെന്നാണു കേസ്.
കാഡൽ വർഷങ്ങളായി മനോരോഗത്തിനു ചികിത്സയിലാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. കൊലപാതകം നടക്കുമ്പോൾ കാഡൽ മനോരോഗത്തിനു ചികിത്സയിൽ ആയിരുന്നു എന്നതിനു തെളിവുകൾ ഹാജരാക്കാനും പ്രതിഭാഗത്തിനായില്ല. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം ഇതു വിശ്വസിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി. തുടർന്നാണ്, കൊലപാതകം നടക്കുമ്പോൾ കാഡൽ ചികിത്സയിൽ ആയിരുന്നോ എന്ന് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാൻ പൊലീസിനു കോടതി നിർദേശം നൽകിയത്. ഈ മാസം 21ന് കേസ് വീണ്ടും പരിഗണിക്കും.
2017 ഏപ്രിൽ ഒൻപതിനാണു ക്ലിഫ് ഹൗസിനു സമീപമുള്ള ബെയ്ൻസ് കോംപൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ പ്രഫസർ രാജ തങ്കം, ഭാര്യ ഡോ. ജീൻപത്മ, മകൾ കരോളിൻ, ബന്ധുവായ ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽനിന്നും പുക ഉയരുന്നതു കണ്ട നാട്ടുകാർ നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തി. ഏക മകനായ കാഡൽ ജിൺസൺ രാജയെ കാണാനില്ലായിരുന്നു. രാജ തങ്കത്തിന്റെയും ജീൻപത്മയുടെയും കരോളിന്റെയും മൃതശരീരങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
ബന്ധുവായ ലളിതയുടെ മൃതദേഹം പൊതിഞ്ഞുകെട്ടി പുഴുവരിച്ച നിലയിലായിരുന്നു. താനും കൊല്ലപ്പെട്ടു എന്നു തെറ്റിദ്ധരിപ്പിക്കാൻ മൃതദേഹത്തിന്റെ രൂപത്തിൽ ഡമ്മിയുണ്ടാക്കി കത്തിച്ചശേഷമാണു കാഡൽ ഒളിവിൽപോയത്. പൊലീസ് തിരച്ചിൽ ആരംഭിച്ചതോടെ തമിഴ്‌നാട്ടിൽ ഒളിച്ചു കഴിഞ്ഞിരുന്ന കാഡൽ തലസ്ഥാനത്തേക്കു മടങ്ങിയെത്തിയപ്പോൾ റെയിൽവേ സ്റ്റേഷനിൽ പിടിയിലായി.