ട്രിവാൻഡ്രം ടെന്നീസ് ക്ലബിന് തിരിച്ചടി; പാട്ടഭൂമി ഏറ്റെടുക്കാൻ സർക്കാരിന് സ്വാതന്ത്ര്യമുണ്ടെന്ന് ഉത്തരവുമായി ഹൈക്കോടതി
ട്രിവാൻഡ്രം ടെന്നീസ് ക്ലബ് 1950 മുതൽ കൈവശം വച്ചിരിക്കുന്ന പാട്ടഭൂമി നിയമങ്ങളനുസരിച്ച് ഏറ്റെടുക്കാൻ സർക്കാരിന് സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി. പാട്ടഭൂമിയുടെ വാടക ഇനത്തിൽ 31.27 കോടി രൂപ കുടിശിക വരുത്തിയത് ക്ലബിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്നും ജസ്റ്റിസുമാരായ അമിത് റാവൽ, എസ്.ഈശ്വരൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കുടിശിക അടച്ചു തീർക്കാത്ത സാഹചര്യത്തിൽ ക്ലബ്ബിന്റെ ബാർ ലൈസൻസ് പുതുക്കി നൽകാത്ത സർക്കാർ നടപടിക്കെതിരെ ക്ലബ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
ഒരു കോടി രൂപ അടച്ച് ലൈസൻസ് പുതുക്കി നൽകാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മറ്റൊരു ഡിവിഷൻ ബെഞ്ച് നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഈ ഹർജിയും തീർപ്പാക്കിക്കൊണ്ടാണ് ബുധനാഴ്ച കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ക്ലബിന് 1950ലാണ് 25 വർഷത്തേക്ക് നാല് ഏക്കർ 27 സെന്റ് ഭൂമി പാട്ടത്തിന് നൽകുന്നത്.