'റോഡിൽ സ്റ്റേജ് കെട്ടിയതെന്തിന്?' എ.ഐ.ടി.യു.സി പ്രവർത്തകരെ ശകാരിച്ച് ബിനോയ് വിശ്വം
റോഡിൽ സ്റ്റേജ് കെട്ടിയതിന് എ.ഐ.ടി.യു.സി പ്രവർത്തകരെ പരസ്യമായി ശകാരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സെക്രട്ടേറിയറ്റിനുമുന്നിൽ ഐ.ഐ.ടി.യു.സി സമരത്തിനായി സ്റ്റേജ് കെട്ടിയതിനായിരുന്നു ശകാരം. പിന്നാലെ റോഡിൽ കെട്ടിയ സ്റ്റേജ് പ്രവർത്തകർ ഇളക്കിമാറ്റി. സംസ്ഥാന സർക്കാർ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു എ.ഐ.ടി.യു.സി മാർച്ച്. യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽനിന്ന് തുടങ്ങി സെക്രട്ടേറിയറ്റിനുമുന്നിൽ അവസാനിക്കുന്ന വിധത്തിലാണ് മാർച്ച് സംഘടിപ്പിച്ചിരുന്നത്. രണ്ട് ലോറികൾ ചേർത്തിട്ടായിരുന്നു സമരത്തിന്റെ ഭാഗമായുള്ള വേദി തയ്യാറാക്കിയിരുന്നത്. ഈ സ്റ്റേജ് കണ്ടതോടെയാണ് ബിനോയ് വിശ്വം പ്രവർത്തകരെ ശാസിച്ചത്.
പൊതുനിരത്തിൽ ഇങ്ങനെ ചെയ്യാൻ പാടില്ലെന്നറിയില്ലേയെന്നും പിന്നെന്തിനാണ് ഇങ്ങനെ ചെയ്തതെന്നും ചോദിച്ചായിരുന്നു അദ്ദേഹത്തിന്റെ ശകാരം. പിന്നാലെ പ്രവർത്തകർ ചേർന്ന് സ്റ്റേജ് അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. മുൻപ് റോഡിൽ സ്റ്റേജ് കെട്ടി സമരം ചെയ്തതിന് ബിനോയ് വിശ്വം ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ഹൈക്കോടതി വിമർശിച്ചിരുന്നു.