വഴിയിലൂടെ പോകുന്ന എന്തിനേയും പിണറായി വിജയനെതിരെ ഉപയോഗിക്കാൻ മാധ്യമശ്രമം; അശോകൻ ചരുവിൽ
വഴിയിലൂടെ പോകുന്ന എന്തിനേയും പിണറായി വിജയനെതിരെ ഉപയോഗിക്കാൻ ശ്രമിക്കുകയാണ് വലതുമാധ്യമങ്ങളെന്ന് ഇടതുപക്ഷ സഹയാത്രികനും എഴുത്തുകാരനുമായ അശോകൻ ചരുവിൽ. എം.ടി. വാസുദേവൻ നായർ പറഞ്ഞത് സമൂഹത്തെക്കുറിച്ചും രാജ്യത്ത് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന അമിതാധികാരത്തെക്കുറിച്ചുമാണെന്നും അശോകൻ ചരുവിൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു. മനുഷ്യാനുഭവങ്ങളെ അടുത്തുകാണുന്ന ഒരെഴുത്തുകാരൻ പറയേണ്ട വാക്കുകളായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് രൂപപ്പെട്ടുവരുന്ന അമിതാധികാരത്തെക്കുറിച്ചുള്ള എം.ടിയുടെ നിരീക്ഷണങ്ങൾ വേദിയിൽ ഉദ്ഘാടകനായി എത്തിയ മുഖ്യമന്ത്രിക്കെതിരേയാണെന്ന് വ്യാഖ്യാനിക്കാനുള്ള നികൃഷ്ട മാധ്യമശ്രമമാണ് നടന്നത്. പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുന്നതിനെതിരേ എം.ടി. തന്നെ രംഗത്തുവന്നു. ഒരു മുതിർന്ന എഴുത്തുകാരന് തന്റെ പ്രസംഗത്തിന്റെ സത്യാവസ്ഥ വിശദീകരിക്കേണ്ടിവന്നു എന്നത് മലയാളി എന്ന നിലയിൽ നമുക്ക് അപമാനമാണ്, അശോകൻ ചരുവിൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു.