‘ജയ് ഹിന്ദി’ന്റെ ശില്പി ഒരുമുസ്‌ലിം, മതത്തിന്റെപേരിൽ ഒരു വേർതിരിവും നമുക്കുണ്ടായിരുന്നില്ല'; ശശി തരൂർ
‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം ആദ്യം വിളിച്ചത് സ്വാതന്ത്ര്യസമരഭടനായ ഒരു മുസ്‌ലിമായിരുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായപ്രകടനത്തെ പിന്തുണച്ച് തിരുവനന്തപുരം യു.ഡി.എഫ്. സ്ഥാനാർഥി ശശി തരൂർ. വിമാനാപകടത്തിൽ മരിക്കുമ്പോൾ നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം ഉണ്ടായിരുന്ന കേണൽ ആബിദ് ഹസനാണ് ‘ജയ് ഹിന്ദ്’ എന്ന മുദ്രാവാക്യം ആവിഷ്കരിച്ചതെന്ന് തരൂർ പറഞ്ഞു. ഐ.എൻ.എ.യിൽ അംഗമായിരുന്നു ആബിദ് ഹസൻ.
ഒരു ഹിന്ദു പേഷ്വയുടെ സഹായിയായിരുന്ന മുസ്‌ലിമാണ് ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യത്തിന്റെ ശില്പി. ഇങ്ങനെയാണ് നമ്മുടെ രാജ്യം. മതത്തിന്റെപേരിൽ ഒരു വേർതിരിവും നമുക്കുണ്ടായിരുന്നില്ല. ഹൽദീഘാട്ടി യുദ്ധത്തിൽ മഹാറാണയ്ക്കുവേണ്ടി പോരാടിയത് ആരായിരുന്നു- മുസ്‌ലിം ജനറൽ ഹക്കീം ഖാൻ സുർ. മുഗൾ ചക്രവർത്തിക്കുവേണ്ടി യുദ്ധംചെയ്തത് ഒരു രാജ്പുത് രാജാവായിരുന്നു. മലപ്പുറത്ത് സി.എ.എ. വിരുദ്ധറാലിയിൽ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം.