'മത-സംഘടനാ വിരുദ്ധ പ്രവർത്തനം' ; പ്രഭാഷകൻ സഫ്‌വാൻ സഖാഫിയുമായി ബന്ധം പാടില്ലെന്ന് കേരള മുസ്ലിം ജമാഅത്ത്
മതപ്രഭാഷകൻ സഫ്‌വാൻ സഖാഫിയുമായി ബന്ധമില്ലെന്ന് കേരള മുസ്ലിം ജമാഅത്ത്. യൂട്യൂബിലൂടെയുള്ള 'അറിവിൻ നിലാവ്' എന്ന ലൈവ് പരിപാടിയിലൂടെ അറിയപ്പെട്ട മതപ്രഭാഷകനാണ് സഫ്‌വാൻ. മതത്തിനും സംഘടനയ്ക്കും നിരക്കാത്ത പ്രവർത്തനങ്ങളാണ് ഇദ്ദേഹത്തിന് കീഴിലുള്ള ട്രസ്റ്റിനു കീഴിൽ നടക്കുന്നതെന്ന് കേരള മുസ്ലിം ജമാഅത്ത് നിലമ്പൂർ മേഖലാ കമ്മിറ്റി അറിയിച്ചു.
കേരള മുസ്ലിം ജമാഅത്ത് നിലമ്പൂർ മേഖലയിലെ എടവണ്ണ പത്തപ്പിരിയം യൂനിറ്റിൽ അംഗമാണ് സഫ്‌വാൻ സഖാഫി. സഫ്‌വാനെ കുറിച്ചും ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ചും മേഖലാ കമ്മിറ്റിക്കു പരാതി ലഭിച്ചിരുന്നു. ഇതേക്കുറിച്ചു നടത്തിയ അന്വേഷണത്തിലാണു പരാതികൾ ശരിയാണെന്നു ബോധ്യമായതെന്ന് മുസ്‌ലിം ജമാഅത്ത് നിലമ്പൂർ മേഖലാ നേതാക്കളായ സി. സുലൈമാൻ ദാരിമി വല്ലപ്പുഴ, സി.എച്ച് ഹംസ സഖാഫി മാമ്പറ്റ, ടി.കെ അബ്ദുല്ല കുണ്ടുതോട് എന്നിവർ അറിയിച്ചു.
സഫ്‌വാൻ സഖാഫിയുടെയും അറിവിൻ നിലാവ് ട്രസ്റ്റിന്റെയും പ്രവർത്തനം മതത്തിനും സംഘടനയ്ക്കും നിരക്കാത്തതാണെന്നു ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിനാൽ ഈ വ്യക്തിയുമായും അദ്ദേഹത്തിന്റെ പരിപാടികളുമായും സംഘടനയ്ക്കും കീഴ്ഘടകങ്ങൾക്കും ഒരു ബന്ധവുമുണ്ടായിരിക്കില്ലെന്നും പ്രവർത്തകർ വിട്ടുനിൽക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
സഫ്‌വാൻ സഖാഫിയുടെ യൂട്യൂബ് ലൈവ് പരിപാടികൾക്ക് ആയിരക്കണക്കിനു കാഴ്ചക്കാരുണ്ട്. വോയ്‌സ് ഓഫ് സഫ്‌വാൻ സഖാഫി പത്തപ്പിരിയം എന്ന പേരിലുള്ള യൂട്യൂബ് അക്കൗണ്ടിന് ഇതിനകം 18 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബാർമാരുണ്ട്.