Begin typing your search...

തട്ടം പരാമർശം പാർട്ടി നയമല്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു; ജലീലിന്റെ കുറിപ്പ് പങ്കുവച്ചത് അതിനാലെന്ന് എ.എം. ആരിഫ് എം.പി.

തട്ടം പരാമർശം പാർട്ടി നയമല്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു; ജലീലിന്റെ കുറിപ്പ് പങ്കുവച്ചത് അതിനാലെന്ന് എ.എം. ആരിഫ് എം.പി.
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സി.പി.എം. സംസ്ഥാന സമിതിയംഗം അഡ്വ. കെ. അനിൽകുമാറിന്റെ വിവാദ തട്ടം പരാമർശം പാർട്ടി നയമല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതായി എ.എം. ആരിഫ് എം.പി. ആ പശ്ചാത്തലത്തിലാണ് കെ.ടി. ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. പാർട്ടിയുടെ നയത്തിൽനിന്നുകൊണ്ടുള്ള പ്രതികരണമാണ് ജലീലിന്റേതെന്നും ആരിഫ് എം.പി. പറഞ്ഞു.

തട്ട പരാമർശം സംബന്ധിച്ച വീഡിയോ എം.വി. ഗോവിന്ദൻ മാഷിന് അയച്ചുകൊടുത്തു. അനിൽ കുമാർ അത്തരത്തിൽ പരാമർശിച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടി നയമല്ലെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ പശ്ചാത്തലത്തിലാണ് കെ.ടി. ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. പാർട്ടിയുടെ നയത്തിൽനിന്നുകൊണ്ടാണ് ജലീൽ പ്രതികരിച്ചിരിക്കുന്നത്. വസ്ത്രധാരണ വിഷയത്തിൽ പാർട്ടി ഇന്നുവരെ ഇടപെട്ടിട്ടില്ല. പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന ഹർകിഷൻ സിങ് സുർജിത് പോലും തലപ്പാവ് ധരിച്ചിരുന്നു. പഞ്ചാബിന്റെ ഒരു ആചാര രീതിയാണത്. അത് അംഗീകരിച്ചുപോകുന്ന പ്രസ്ഥാനമാണ് സി.പി.എമ്മെന്നും ആരിഫ് പറഞ്ഞു.

ഹിജാബിനുവേണ്ടി വിവാദം വന്നപ്പോൾ അതിനുവേണ്ടി നിലകൊണ്ട പാർട്ടിയാണ് സി.പി.എം. ഹിജാബ് നിർബന്ധമാക്കാനോ ധരിക്കണമെന്ന് ആഗ്രഹിക്കുന്നവരെ തടയാനോ പാടില്ല. മതപരമായ കാര്യങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് കുറെക്കൂടി പഠിക്കാൻ അനിൽകുമാർ ശ്രദ്ധിക്കണം. അബദ്ധങ്ങൾ പറയുന്നത് പാർട്ടിയുടെ അഭിപ്രായമായി വ്യാഖ്യാനിക്കരുതെന്നും ആരിഫ് വ്യക്തമാക്കി.

മതവിശ്വാസം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. അതിനെതിരേ സി.പി.എം. ഇന്നുവരെ നിഷേധാത്മകമായ നിലപാട് എടുത്തിട്ടില്ല. മലപ്പുറത്തും കണ്ണൂരുമെല്ലാമുള്ള പാർട്ടി പരിപാടികളിൽ തട്ടമിട്ടവരാണ് കൂടുതലെന്നും ആരിഫ് പറഞ്ഞു.

തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ കൂടെ ഭാഗമായാണെന്ന് നേരത്തേ സി.പി.എം. നേതാവ് അഡ്വ. കെ. അനിൽകുമാർ പറഞ്ഞിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിലെ ഒരു മുസ്ലിം പെൺകുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്ന് മുൻമന്ത്രിയും എം.എൽ.എ.യുമായ കെ.ടി. ജലീൽ ഇതിനു മറുപടി നൽകി. വ്യക്തിപരമായ അഭിപ്രായം പാർട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തും. വിദ്യാഭ്യാസമുള്ള, തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്തെന്നും ജലീൽ ഫെയ്സ്ബുക്കിൽ പ്രതികരിച്ചിരുന്നു.

WEB DESK
Next Story
Share it