'സാധാരണ കുടുംബം പോലെയാണ് ഞങ്ങൾ ജീവിക്കുന്നത്, രാജാവിന് കൊമ്പുണ്ടോയെന്ന് ചിലർ ചോദിച്ചു'; ആദിത്യവർമ
കവടിയാർകൊട്ടാരത്തിലുളള സാധനങ്ങൾക്ക് കുറഞ്ഞത് അറുപത് വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്ന് ആദിത്യവർമ. താൻ ജനിച്ച സമയത്ത് കൊട്ടാരത്തിന് സ്വന്തമായി ഒരുപാട് ഭൂമിയുണ്ടായിരുന്നുവെന്നും കാലക്രമേണ കുറവ് സംഭവിച്ചെന്നും ആദിത്യവർമ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെല്ലാം പറയുന്നത്.
'തമ്പുരാൻ എന്ന് ഉദ്ദേശിക്കുന്നത് നമ്മുടെ ജാതിയാണ്. തമ്പുരാൻ ജാതിയിൽ ജനിച്ച ആദിത്യ വർമ എന്നാണ് പേര്. തമ്പുരാൻ എന്നുവച്ചാൽ രാജാവ് എന്നല്ല അർത്ഥം. എന്റെ ലൈസൻസിലും പാസ്പോർട്ടിലും ആദിത്യ വർമ എന്നുമാത്രമേ ചേർത്തിട്ടുളളൂ. പക്ഷെ ആധാറിൽ പ്രിൻസ് ആദിത്യ വർമയെന്നാണ്. ഇനി അത് ആർക്കെങ്കിലും ഇഷ്ടപ്പെടാതെ വരുമോ. അതറിയില്ല. കവടിയാർ കൊട്ടാരത്തിലുളള എല്ലാ സാധനങ്ങൾക്കും 60 വർഷത്തിൽ കൂടുതൽ പഴക്കമുണ്ട്. കെട്ടിടത്തിന്റെ രീതിയനുസരിച്ച് ഇനി പുതിയ സാധനങ്ങൾ വാങ്ങിവയ്ക്കാനും സാധിക്കില്ല. കൊട്ടാരത്തിൽ എസിയും ഇല്ല. പഴയകാലത്തെ ഫാനുകളുണ്ട്. അത് പ്രവർത്തിപ്പിക്കുമ്പോൾ നല്ല അളവിൽ വൈദ്യുതി ആകുന്നതുകൊണ്ട് പുതിയ ഫാനുകൾ ഘടിപ്പിക്കുകയായിരുന്നു.
ജനിച്ച സമയത്ത് ഒരുപാട് ഭൂമി കൊട്ടാരത്തിനായി ഉണ്ടായിരുന്നു. കാലക്രമേണ പല കാരണങ്ങൾ കൊണ്ട് ഭൂമി നഷ്ടപ്പെട്ടു. നിലവിൽ കൊട്ടാരത്തിന്റെ അറ്റകുറ്റ പണികൾക്കാണ് ചെലവ് കൂടുതൽ. പണി തീരാത്ത വീടുപോലെയാണ്. പണ്ട് 40 മുതൽ 50 വരെ തൊഴിലാളികളും പൂന്തോട്ടം പരിപാലിക്കുന്നതിന് പ്രത്യേകം തൊഴിലാളികളും ഉണ്ടായിരുന്നു. ഇപ്പോൾ അത്രയും ആളുകളെ കിട്ടാനില്ല. അവരുടെ കൂലിയും മറ്റൊരു കാരണമാണ്. രാജ കുടുംബാംഗങ്ങളുടെ കൈയിൽ ഒരുപാട് പണമുണ്ടായിരുന്നെങ്കിൽ കൊട്ടാരത്തിന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നോ. ഞങ്ങൾ സാധാരണ ഒരു കുടുംബം പോലെയാണ് ജീവിക്കുന്നത്. അമിതമായ സ്വത്തുണ്ടെന്ന് പറയുന്നതിലൂടെ ജനങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് ഇപ്പോഴും മനസിലായിട്ടില്ല.
ശ്രീപത്മനാഭ സ്വാമിയുമായുളള ബന്ധം അതാണ് രാജകുടുംബാംഗം എന്നതിലൂടെ ലഭിച്ച ഏറ്റവും വലിയ നേട്ടം. സോഷ്യൽമീഡിയയിലൂടെ പല മോശം കമന്റുകൾ വന്നിട്ടുണ്ട്. തിരുവിതാംകൂർ രാജാവിന് കൊമ്പുണ്ടോ എന്ന് ചിലർ ചോദിച്ചിട്ടുണ്ട്. അതിനൊന്നിനും മറുപടി കൊടുത്തിട്ടില്ല. ഞങ്ങളെക്കുറിച്ച് അറിയാത്തവരാണ് കൂടുതലും ഇത്തരത്തിൽ പ്രതികരിക്കുന്നത്'- അദ്ദേഹം പറഞ്ഞു.
നിലവറ തുറന്ന സമയത്തുണ്ടായ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. 'ബി നിലവറ തുറക്കുന്ന സമയത്ത് രാജകുടുംബാംഗങ്ങൾക്കെതിരെ കൂടുതൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഞങ്ങളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് ഒരു ചാനലിന്റെ അവതാരകൻ സംസാരിക്കുന്നത് കണ്ടിരുന്നു. നിലവറ തുറക്കുന്ന ആദ്യത്തെ ദിവസം ഞാൻ പോയിരുന്നില്ല. കോടതിയിൽ നിന്നുവന്ന പട്ടികയിൽ എന്റെ പേരില്ലായിരുന്നു. കണക്കെടുപ്പ് ദിവസം ഞാനും ഉണ്ടായിരുന്നു. അപ്പോൾ അതിശയമായിരുന്നു.
വലിയ നിലവറയൊന്നുമല്ല. 300 അടി ചതുരശ്രവിസ്തീർണമുളള മുറിയാണത്. എയും ബിയും നിലവറയാണ് സാധാരണ തുറക്കാതിരുന്നത്. സി,ഡി,ഇ,എഫ് നിലവറകൾ മിക്കപ്പോഴും തുറക്കാറുണ്ട്. എയും ബിയുമാണ് ഒരിക്കലും തുറക്കാത്ത നിലവറകളാണെന്ന് കേട്ടിട്ടുളളത്. അതിൽ എ തുറന്നു. ബിയാണ് തുറക്കാതിരുന്നത്. ബി നിലവറയിൽ രണ്ട് മുറികളുണ്ട്. അതിൽ ഒരു മുറി തുറന്നു. മറ്റേ മുറി തുറന്നെന്നും തുറന്നില്ലെന്നും പറയപ്പെടുന്നു. പഴയ ഒരുപാട് ആഭരണങ്ങൾ ഉണ്ട്. അവയുടെ ശോഭ ഇതുവരെയായിട്ടും നഷ്ടപ്പെട്ടിട്ടില്ല. രത്‌നങ്ങളുടെ നിറം മങ്ങിയിട്ടുണ്ട്. എ നിലവറയുടെ ഭിത്തിയിൽ സർപ്പത്തിന്റെ രൂപം കൊത്തിവച്ചിട്ടുണ്ട്. അത് കാണാൻ നല്ല ഭംഗിയാണ്'- ആദിത്യ വർമ പറഞ്ഞു.