ഉത്സവത്തിന്റെ കെട്ടുകാഴ്ച വൈദ്യുതി ലൈനിൽ തട്ടി: മുകളിലിരുന്ന മൂന്ന് യുവാക്കൾക്ക് പൊള്ളലേറ്റു
ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് കായംകുളത്ത് തയാറാക്കിയ കെട്ടുകാഴ്ചയ്ക്ക് മുകളിലിരുന്ന മൂന്ന് യുവാക്കൾക്ക് വൈദ്യുതാഘാതമേറ്റു. ചാരുംമൂട് കരിമുളയ്ക്കൽ വഴിയുടെ തെക്കേതിൽ അമൽ ചന്ദ്രൻ (22) , ധനരാജ് (20), അനന്തു (24) എന്നിവർക്കാണ് പരിക്കേറ്റത്. ചുനക്കര ക്ഷേത്രത്തിലേക്ക് കൊണ്ടു പോകുവാൻ ഒരുക്കിയതായിരുന്നു രണ്ടാംകരയിൽ നിന്നുള്ള കെട്ടുകാഴ്ച.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കെട്ടുകാഴ്ച തുരുത്തി ജംഗ്ഷന് സമീപത്തെ റോഡിൽ എത്തിയപ്പോഴായിരുന്നു സംഭവം. വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്ന് കെട്ടുകാഴ്ചയുടെ മദ്ധ്യഭാഗത്തും മുകളിലും നിന്നവർക്കാണ് പരിക്കേറ്റത്. അമൽ ചന്ദ്രനും ധനരാജിനും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാരമായി പൊള്ളലേറ്റ അനന്തുവിനെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചകൾ വരുന്നത് കണക്കിലെടുത്ത് രാവിലെ 11 മണിയോടെ തന്നെ ഇതുവഴിയുള്ള വൈദ്യുതി ലൈനുകൾ കെ.എസ്.ഇ.ബി ഓഫ് ചെയ്തിരുന്നു. എന്നാൽ ഒരു ലൈനിൽ വൈദ്യുതി പ്രവാഹം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ലൈൻ ഓഫ് ചെയ്യാൻ ഉദ്യോഗസ്ഥർ മറന്നുവെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നും നാട്ടുകാർ ആരോപിച്ചു. കെട്ടുകാഴ്ചയുടെ മുകളിലുണ്ടായിരുന്ന സ്വർണത്തിൽ പൊതിഞ്ഞ പ്രഭടയുടെ (നെറ്റിപ്പട്ടത്തിന്റെ ഭാഗം) മുക്കാൽ ഭാഗവും കരിഞ്ഞുപോയി. തുടർന്ന് നാട്ടുകാർ വൈകുന്നേരം കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു.