യൂത്ത് കോൺഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചതിന് കേസെടുത്ത് പൊലിസ്
തിരുവനന്തപുരം മ്യൂസിയം പൊലിസ് യൂത്ത് കോൺഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചതിന് കേസെടുത്തു. വ്യാജ രേഖ ചമച്ചതിനും ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസ്. തെരെഞ്ഞെടുപ്പ് കമ്മീഷനും വിവിധ സംഘടനകളും നൽകിയ പരാതികളിലാണ് കേസ്. കന്റോൺമെന്റ് അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കേസന്വേഷിക്കും.
അതേസമയം, വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചെന്ന ആരോപണം ശക്തമായതോടെ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ് നേതൃത്വം. പൊലീസ്, കേസ് രജിസ്റ്റർ ചെയ്തതോടെ പാർട്ടിക്ക് ആകെ നാണക്കേട് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് മുതിർന്ന നേതാക്കൾ.
വ്യാജ ഐഡി കാർഡുകൾ ഉപയോഗിച്ചിട്ടില്ലെന്നും മറ്റുപല കാരണങ്ങൾ കൊണ്ടാണ് വോട്ടുകൾ അസാധുവായത് എന്നുമാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ നൽകുന്ന വിശദീകരണം. സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഓഫീസിലേക്ക് ഇന്ന് യുവമോർച്ച മാർച്ച് നടത്തും. എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ രാവിലെ 11 മണിക്കാണ് പറവൂരിലെ ഓഫീസിലേക്കുള്ള മാര്‍ച്ച്.