പാമ്പുകളുടെ ശല്യം കൂടുന്നു; കേരളത്തിൽ ഇതുവരെ പിടിച്ചത് 2457 പാമ്പുകളെ
നഗരത്തിലടക്കം ജില്ലയില്‍ പാമ്പുകളുടെ ശല്യം കൂടുന്നത് ആശങ്കപരത്തുന്നു. രണ്ടുമാസത്തിനിടെ ജില്ലയില്‍ 135 പാമ്പുകളെയാണ് പിടികൂടിയത്. മാര്‍ച്ചില്‍ 87 പാമ്പുകളെയും ഏപ്രിലില്‍ ഇതുവരെ 48 പാമ്പുകളെയും പിടികൂടി. വനംവകുപ്പിന്റെ സര്‍പ്പആപ്പിലൂടെ സഹായംതേടാം.
ചൂട് കൂടിയതും പ്രജനനകാലമായതുമാണ് പാമ്പുകള്‍ പുറത്തിറങ്ങാന്‍ കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. തണുപ്പ് തേടിയാണ് ജനവാസമേഖലകളില്‍ എത്തുന്നത്. കതകിന്റെ വിടവിലൂടെയും മറ്റും വീടിനുള്ളില്‍ എത്തിയേക്കാം. പെരുമ്പാമ്പ്, മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, ചുരുട്ടമണ്ഡലി എന്നീ ഇനങ്ങളാണ് അധികവും.
പാമ്പുകളെ പിടികൂടി വനപ്രദേശങ്ങളിലും ആള്‍ത്താമസമില്ലാത്ത മേഖലകളിലും തുറന്നുവിടുന്നു. 2021 മുതല്‍ ഇതുവരെ 2000ലേറെ പാമ്പുകളെയാണ് ജില്ലയില്‍ പിടികൂടിയത്.
ശ്രദ്ധിക്കണം
അണലി പ്രസവിക്കുന്നതും മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, രാജവെമ്പാല എന്നിവ മുട്ടയിട്ട് വിരിയുന്നതും ജൂണ്‍, ജൂലായ് മാസങ്ങളിലാണ്. വീടുകള്‍ വൃത്തിയായി സൂക്ഷിക്കണം. അടുക്കിവച്ച ടൈല്‍സ്, കല്ലുകള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. ഷൂസ്, ചെരുപ്പ് എന്നിവ പരിശോധിച്ചശേഷം ധരിക്കണം. പരിശീലനം ഇല്ലാത്തവര്‍ പാമ്പിനെ പിടിക്കാന്‍ ശ്രമിക്കരുത്.
തണുപ്പുകാലം മുതല്‍ വേനല്‍വരെയാണ് പാമ്പുകള്‍ പൊതുവേ ഇണചേരുക. മഴക്കാലം തുടങ്ങുംമുമ്പ് കുഞ്ഞുങ്ങളാവും.
പെരുമ്പാമ്പ് ഒരുതവണ 30 മുട്ടകളിടും. ജനുവരിയില്‍ മുട്ടയിടുകയും മേയില്‍ കുഞ്ഞുങ്ങളാവുകയും ചെയ്യും.