ചെറുതുരുത്തിയിൽ സ്ത്രീയുടെ മരണം അതിക്രൂര കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
ചെറുതുരുത്തിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി കൊല നടത്തിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ചെറുതുരുത്തിയിലെ വെയിറ്റിങ് ഷെഡിൽ സെൽവിയെന്ന അമ്പതുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നതോടെയാണ് സെൽവിയുടെ മരണം അതിക്രൂര കൊലപാതകമാണെന്ന് വ്യക്തമായത്. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റിയായിരുന്നു കൊല നടത്തിയത്. തമിഴരശിക്കൊപ്പം അഞ്ചുകൊല്ലമായി താമസിക്കുന്ന തമിഴ്‌നാട് കള്ളക്കുറിച്ചി സ്വദേശി തമിഴരശാണ് സംഭവത്തിൽ അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ഇന്നലെ പുലർച്ചെ തമിഴരശ് തന്നെയാണ് തൻറെ ഭാര്യ വെയിറ്റിങ് ഷെഡിൽ മരിച്ചുകടക്കുന്ന വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് ചെറുതുരുത്തി പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം തൃശൂർ മെഡിക്കൽ കോളെജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന തമിഴരശ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെ രണ്ടിനും ആറിനുമിടയിലായിരുന്നു കൊല. പിന്നീട് ചെറുതുരുത്തി പാലത്തിനു കൂഴിൽ നിന്നും മൃതദേഹം വെയിറ്റിങ് ഷെഡിലേക്ക് വലിച്ചുകൊണ്ടുവന്നിട്ടു. തുടർന്ന് സ്റ്റേഷനിലെത്തി ഭാര്യ മരിച്ചു കിടക്കുന്നു എന്ന് വിവരം പറയുകയും ചെയ്തു. കൊലപ്പെടുത്താനുപയോഗിച്ച ആയുധം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.