ആംബുലൻസിന്റെ ഇന്ധനം തീർന്നു; മധ്യപ്രദേശിൽ യുവതി രാത്രി റോഡരികിൽ പ്രസവിച്ചു
മധ്യപ്രദേശിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ രാത്രിയിൽ ആംബുലൻസിലെ ഇന്ധനം തീർന്നതോടെ യുവതി വഴിയരികിൽ പ്രസവിച്ചു. പന്ന ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. അടുത്തുള്ള ടൗൺ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസിൽ ഡീസൽ തീർന്നതിനെത്തുടർന്നാണ് സ്ത്രീക്ക് റോഡരികിൽ കുഞ്ഞിന് ജന്മം നൽകേണ്ടി വന്നത്.
പാറ കല്ലുകൾ നിറഞ്ഞ നിലത്ത് തുണി ഷീറ്റിൽ കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീയെ, ആംബുലൻസിൽ ഒപ്പമുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർ സഹായിച്ചു. ആംബുലൻസ് അവരുടെ അടുത്ത് തന്നെ പാർക്ക് ചെയ്യുകയും ഡോർ തുറന്ന് ലൈറ്റുകൾ തെളിയിക്കുകയും ചെയ്തു.
സർക്കാർ പദ്ധതിയുടെ ഭാഗമായി കരാർ പ്രകാരം നടത്തുന്ന 108 ആംബുലൻസിൽ ആണ് രേഷ്മ എന്ന ആദിവാസി സ്ത്രീയെ ഷാനഗർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയത്. രാത്രിയായിരുന്നു യാത്ര. ഇരുട്ട് നിറഞ്ഞ പ്രദേശത്തുവച്ചാണ് വാഹനം ഇന്ധനം തീർന്ന് നിന്നത്. ഇന്ധനം തീർന്നെന്ന് വീട്ടുകാരെ അറിയിച്ചതോടെ ആരോഗ്യപ്രർത്തകരും ബന്ധുക്കളും ചേർന്ന് യുവതിയെ റോഡരികിൽ കിടത്തുകയും പ്രസവിക്കാൻ സഹായിക്കുകയുമായിരുന്നു.