വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം ; ആഭ്യന്തര വകുപ്പിലെ മൂന്ന് പേർക്ക് സസ്പെൻഷൻ
വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥൻ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷവും സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറാതിരുന്ന സംഭവത്തില്‍ നടപടിയെടുത്ത് സര്‍ക്കാര്‍. ആഭ്യന്തര വകുപ്പ് എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതുസംബന്ധിച്ച ഉത്തരവും സര്‍ക്കാര്‍ ഇറക്കി. രേഖകള്‍ കൈമാറാൻ വൈകിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് നടപടി.ആഭ്യന്തര വകുപ്പ് എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത വി.കെ, സെക്ഷൻ ഓഫീസര്‍ ബിന്ദു, ഓഫീസ് അസിസ്റ്റന്‍റ് അഞ്ജു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ആഭ്യന്തര വകുപ്പ് എം സെക്ഷനിലുള്ളവരാണ് രേഖകള്‍ കൈമാറേണ്ടത്. ഇതില്‍ വീഴ്ചവരുത്തിയതിനാണ് നടപടി.
സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഈ മാസം 9 തീയതിയാണ് സര്‍ക്കാര്‍ ഇറക്കിയത്. എന്നാല്‍, പ്രോഫോമ റിപ്പോര്‍ട്ട് അഥവാ കേസിന്‍റെ മറ്റ് വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. പ്രോഫോമ റിപ്പോര്‍ട്ട് വൈകിയെങ്കില്‍ അതിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായത്. ഒമ്പതിന് കൈമാറേണ്ട രേഖകള്‍ 16ആം തീയതാണ് കൈമാറിയത്. രേഖകള്‍ കൈമാറാൻ വൈകിയ കാര്യം താഴെതട്ടിലുള്ള ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാല്‍, സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പ്രതികള്‍ സംരക്ഷിക്കപ്പെടുന്നുവെന്നുമുള്ള പരാതികള്‍ സിദ്ധാര്‍ത്ഥന്‍റെ കുടുംബവും പ്രതിപക്ഷവും ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കേസില്‍ സര്‍ക്കാര്‍ വീണ്ടും സമ്മര്‍ദ്ദത്തിലാവുകയാണ്. ഈ സാഹചര്യത്തിലാണ് പ്രോഫോമ റിപ്പോര്‍ട്ട് വൈകിയതില്‍ മുഖ്യമന്ത്രി വിശദീകരണം തേടുന്നത്. സാധാരണനിലയില്‍ ഒരു കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അതിന്‍റെ വിജ്ഞാപനം കേന്ദ്രത്തിലേക്ക് കൈമാറുന്നതിനൊപ്പം തന്നെ എഫ്ഐആര്‍ പരിഭാഷപ്പെടുത്തിയത് അടക്കം എല്ലാ രേഖകളും കൈമാറും. എന്നാല്‍, സിദ്ധാര്‍ത്ഥന്‍റെ കേസില്‍ വിജ്ഞാപനം മാത്രമാണ് കൈമാറിയിരുന്നത്. സിബിഐക്ക് കേസ് ഏറ്റെടുക്കണമോ വേണ്ടയോ എന്നുപോലും തീരുമാനിക്കാൻ സാധിക്കാതിരിക്കുന്ന സാഹചര്യമാണ് ഇതുണ്ടാക്കിയത്. അതേസമയം, ദിവസങ്ങള്‍ വൈകി പ്രോഫോമ റിപ്പോര്‍ട്ട് ഇ-മെയിലായിട്ടാണ് കേന്ദ്ര സർക്കാരിനും സിബിഐ ഡയറക്ടർക്കും കൈമാറിയത്.