ഒരു സർക്കാരിന്റെ ഇച്ഛാശക്തിയെന്തെന്ന് പിണറായി സർക്കാർ ലോകത്തിന് കാട്ടിക്കൊടുത്തു; മന്ത്രി വാസവൻ
ഒരു സർക്കാരിന്റെ ഇച്ഛാശക്തിയെന്തെന്ന് പിണറായി സർക്കാർ വിഴിഞ്ഞത്തിലൂടെ ലോകത്തിന് കാട്ടിക്കൊടുത്തുവെന്ന് തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ആദ്യമദർഷിപ്പിന് സ്വീകരണം നൽകുന്ന പരിപാടിയിൽ അധ്യക്ഷ പ്രസംഗം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കവി പാലാ നാരായണൻ നായരുടെ കവിത ചൊല്ലി ആരംഭിച്ച പ്രസംഗത്തിൽ വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ നാൾവഴികൾ അദ്ദേഹം എണ്ണിപ്പറഞ്ഞു.
'വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി ആദ്യമായി കമ്മിറ്റിയെ നിയോഗിച്ചത് ഇ.കെ. നായനാർ സർക്കാരാണ്. എ.കെ. ആന്റണി സർക്കാർ പഠനമില്ലാതെ തന്നെ ടെൻഡർ വിളിച്ചു. ചൈനീസ് കമ്പനി താത്പര്യം പ്രകടിപ്പിച്ചു, കേന്ദ്രാനുമതി ലഭിച്ചില്ല. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് എന്ന കമ്പനി ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വലിയ പ്രക്ഷോഭസമരങ്ങൾ നടന്നു. 2015-ൽ ടെൻഡർ ചെയ്ത് അദാനിയുമായി കരാറിലെത്തി. കാലഘട്ടത്തിൽ കരാറിനോട് ചില വിമർശനങ്ങൾ ഉയർന്നിരുന്നു. കരാറിനോടായിരുന്നില്ല എതിർപ്പ്. 66% സർക്കാർ മുടക്കുമ്പോൾ, 34% അദാനി മുടക്കുന്നു. അതിന്റെ അധികാരമോ ലാഭമോ 20 വർഷത്തേക്ക് നമുക്ക് ലഭിക്കാത്തത് ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം', മന്ത്രി പറഞ്ഞു.
2016-ൽ അധികാരത്തിൽ വന്ന പിണറായി സർക്കാർ നിർമാണപ്രവൃത്തികൾക്ക് തുടക്കം കുറിച്ചു. പ്രതിസന്ധികളും പ്രയാസങ്ങളും തരണംചെയ്തു മുന്നോട്ടുപോകുമ്പോൾ പ്രക്ഷോഭസമരങ്ങൾ വളർന്നുവന്നു. സർക്കാർ സ്വീകരിച്ച സഹിഷ്ണുതയും സമചിത്തതയും സംയമനത്തോടെയുമുള്ള സമീപനമാണ് പ്രശ്നങ്ങളെയെല്ലാം അതിജീവിച്ച് തുറമുഖം യാഥാർഥ്യമാകുന്ന രൂപത്തിലേക്ക് പ്രവർത്തനങ്ങൾ ഉയർന്നുവന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഒരു സർക്കാരിന്റെ ഇച്ഛാശക്തിയെന്തെന്ന് ഒന്നും രണ്ടും പിണറായി സർക്കാർ വിഴിഞ്ഞത്തിലൂടെ ലോകത്തിന് കാട്ടിക്കൊടുത്തു. പ്രദേശത്തെ എല്ലാ വിഭാഗം ആളുകളുടേയും താത്പര്യത്തെ പരിരക്ഷിച്ചുകൊണ്ടും പറഞ്ഞവാക്കുകൾ പാലിച്ചുകൊണ്ടും കേരളം വികസനരംഗത്ത് വിസ്മയം തീർത്ത് മുന്നോട്ടുപോകുന്ന കാലഘട്ടത്തിൽ ഒന്നും രണ്ടും പിണറായി സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രം പൂർത്തീകരിക്കപ്പെട്ടതാണ് ഈ തുറമുഖമെന്നും വാസവൻ പറഞ്ഞു.