വിഴിഞ്ഞം സമരം: ലത്തീൻ ആർച്ച് ബിഷപ്പിൻറെ നേതൃത്വത്തിൽ ഉപവാസ സമരം
ഇന്ന് വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ ഉപവാസ സമരം. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തിൽ ആറ് പേരാണ് ഉപവാസമിരിക്കുന്നത്. പാളയം ഇമാം വി.പി സുഹൈബ് മൗലവി ഉപവാസസമരം ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ തോമസ് തറയിലും സമരവേദിയിലെത്തും.
കൊല്ലങ്കോട്, പരുത്തിയൂർ ഇടവകകളിലെ വിശ്വാസികളാണ് ഉപരോധ സമരത്തിന്റെ 21ാം ദിനമായ ഇന്ന് സമരത്തിന് എത്തുക.അടുത്ത ദിവസങ്ങളിൽ മറ്റ് വൈദികരും സന്യസ്തരും അൽമായരും ഉപവാസമിരിക്കും. തുറമുഖ നിർമാണം നിർത്തിവയ്ക്കുന്നത് ഉൾപ്പടെയുള്ള ഏഴ് ആവശ്യങ്ങളിലും പരിഹാരമാകും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്.
അതിനിടെ കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട് തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്കുള്ള ആദ്യ ഘട്ട ധനസഹായ വിതരണം ഇന്ന് തുടങ്ങും.102 കുടുംബങ്ങൾക്ക് 5500 രൂപ വീതമാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രിയാണ് ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുക.വിഴിഞ്ഞം സമരത്തെ തുടർന്ന് നടന്ന മന്ത്രിതല ചർച്ചയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സഹായവിതരണം.