മൃതദേഹങ്ങൾക്കൊപ്പം കിടന്നാണ് രക്ഷപ്പെട്ടത്’: യുക്രെയിൻ യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെട്ട വിനീത്
യുക്രെയ്ൻ സൈന്യത്തിന്റെ ഡ്രോൺ ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ റഷ്യൻ സൈനികരുടെ ശവശരീരത്തിൽ പറ്റിപ്പിടിച്ചു കിടന്നുവെന്ന് യുദ്ധമുഖത്തുനിന്നു രക്ഷപ്പെട്ടു നാട്ടിൽ തിരിച്ചെത്തിയ അഞ്ചുതെങ്ങ് കുന്നുംപുറത്ത് പനിയമ്മയുടെയും സിൽവയുടെയും മകൻ വിനീത് (22). ‘കൊല്ലപ്പെട്ടും ശരീരഭാഗങ്ങൾ നഷ്ടപ്പെട്ടും കിടക്കുന്നവരെ നീക്കം ചെയ്യാൻ ആരുമുണ്ടായിരുന്നില്ല. ജീവനുംകൊണ്ട് ഓടുമ്പോൾ മുകളിൽ ബോംബുകളുമായി ഡ്രോണുകൾ പറക്കും. മൃതദേഹങ്ങൾക്കൊപ്പം കിടക്കുകയല്ലാതെ രക്ഷപ്പെടാൻ മറ്റു മാർഗമുണ്ടായിരുന്നില്ല– വിനീത് പറയുന്നു.
യുക്രെയ്നിൽനിന്നു വ്യാഴാഴ്ചയാണു വിനീത് വീട്ടിലെത്തിയത്. പരുക്കേറ്റ് ചികിത്സയിലിരിക്കെ ലഭിച്ച 15 ദിവസത്തെ അവധിക്കിടെ തമിഴ്നാട്ടുകാരനായ പരിഭാഷകന്റെ സഹായത്തോടെയായിരുന്നു രക്ഷപ്പെടൽ. മൂന്നുതവണ തനിക്കു യുദ്ധത്തിന് ഇറങ്ങേണ്ടി വന്നുവെന്നു വിനീത് പറയുന്നു. ദിവസങ്ങളോളം ഭക്ഷണം ലഭിച്ചില്ല. മിഠായിയും വെള്ളവും മാത്രമായിരുന്നു ആഹാരം. ബ്രഡ് ഉണ്ടായിരുന്നെങ്കിലും തണുപ്പിൽ കട്ട പിടിക്കുന്നതിനാൽ കഴിക്കാനാവില്ല.
ടാങ്കിൽ അഞ്ചുപേർ വീതമാണു സഞ്ചരിച്ചത്. ഇരു സൈന്യവും പരസ്പരം യുദ്ധോപകരണങ്ങൾ നശിപ്പിക്കാനാണു കൂടുതൽ ശ്രദ്ധിച്ചത്. ടാങ്കിനു നേരെ പലവട്ടം ആക്രമണം നടന്നു. ഒടുവിലത്തെ ആക്രമണത്തിൽ ടാങ്ക് തകർന്നു വലതു കൈയ്ക്കു പരുക്കേറ്റു. 22 ദിവസം ആശുപത്രിയിൽ കഴിഞ്ഞു. ഇതിനുശേഷമാണു കമാൻഡിങ് ഓഫിസറെ പരിഭാഷകന്റെ സഹായത്തോടെ ബന്ധപ്പെട്ട് 15 ദിവസത്തെ അവധി സംഘടിപ്പിച്ചത്. നാട്ടിലേക്കു വരാനുള്ള രേഖകൾ ശരിയാക്കിയതും വിമാനത്താവളത്തിൽ സഹായിച്ചതും ഈ പരിഭാഷകനായിരുന്നു. യുദ്ധത്തിന് ഒപ്പമുണ്ടായിരുന്ന പലരും ഇതിനിടെ കൊല്ലപ്പെട്ടിരുന്നു.
വീട്ടിലെ ബുദ്ധിമുട്ടു കാരണമാണു സെക്യൂരിറ്റി ജോലിക്കായി റഷ്യയിലേക്കു പോയതെന്നും ചതി പറ്റിയെന്നറിഞ്ഞതു പിന്നീടാണെന്നും വിനീത് പറയുന്നു. വിനീതിനെപ്പോലെ ചതിയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ, പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ എന്നിവർ ഏപ്രിൽ 3നു തിരിച്ചെത്തിയിരുന്നു.