മഹേശൻ തട്ടിപ്പുകാരനെന്ന് തിരിച്ചറിയാൻ വൈകി; കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവ്; വെള്ളാപ്പള്ളി
എസ്എൻഡിപി യോഗം യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ.മഹേശന്റെ മരണത്തിൽ പ്രതി ചേർത്തതിൽ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവാണിതെന്ന് അദ്ദേഹം പറഞ്ഞു. ''എന്നെയും തുഷാറിനെയും എസ്എൻഡിപി തിരഞ്ഞെടുപ്പിൽനിന്ന് മാറ്റിനിർത്താനാണ് ശ്രമം. അന്വേഷണത്തിൽ എനിക്കെതിരെ ഒന്നും കണ്ടെത്താനായില്ല. മഹേശൻ തട്ടിപ്പുകാരനെന്ന് തിരിച്ചറിയാൻ വൈകി'' അദ്ദേഹം പറഞ്ഞു.
കെ.കെ.മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. വെള്ളാപ്പള്ളിയുടെ മാനേജർ കെ.എൽ.അശോകൻ, മകനും വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി, എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഗൂഢാലോചന, ആത്മഹത്യാപ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. മൈക്രോഫിനാൻസ് കേസിൽ മഹേശനെ പ്രതിയാക്കിയതിൽ ഗൂഢാലോചനയെന്നും പ്രതികൾ മഹേശനെ മാനസിക സമ്മർദത്തിലാക്കിയെന്നും എഫ്‌ഐആറിൽ ആരോപിക്കുന്നു.