കുസാറ്റ് ദുരന്തം: മരണം സംഭവിച്ചത് ശ്വാസം മുട്ടിയെന്ന് പ്രാഥമിക റിപ്പോർട്ടെന്ന് മന്ത്രി വീണാ ജോർജ്
കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിലുണ്ടായ ദുരന്തത്തിൽ മരിച്ച നാലുപേരുടെയും മരണം ശ്വാസം മുട്ടിയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മരണകാരണം ശ്വാസം മുട്ടിയാണെന്നാണു പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
‘‘മരിച്ച നാലുപേർ ഉൾപ്പടെ 60 പേരെയാണു കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവന്നത്. പരുക്കേറ്റ 56 പേരിൽ നിലവിൽ 32 പേർ വാർഡിലും മൂന്നുപേർ ഐസിയുവിലുമുണ്ട്. ആസ്റ്ററിൽ രണ്ടുപേർ ഐസിയുവിലുണ്ട്. ഇവരുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്.
കിന്റർ ആശുപത്രിയിൽ 18 പേരാണു ചികിത്സ തേടിയത്. ഇതിൽ 16 പേർ ഡിസ്ചാർജായി. സൺറൈസ് ആശുപത്രിയിൽ ചികിത്സ തേടിയ ആൾ ഇന്നലെ തന്നെ ഡിസ്ചാർജായി. അപകടത്തിൽ പരിക്കേറ്റവര്‍ക്ക് വിദഗ്ധചികിത്സ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ’’– വീണാ ജോർജ് പറഞ്ഞു.
ഇന്നലെയാണു നാടിനെ നടുക്കിയ ദാരുണ അപകടം കുസാറ്റില്‍ സംഭവിച്ചത്. വിദ്യാർഥികളായ അതുൽ തമ്പി (21), ആൻ റുഫ്ത (21), സാറാ തോമസ് (20) പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവർ ആശുപത്രിയിൽ എത്തുന്നതിനു മുൻപു തന്നെ മരിച്ചു.