വ്യാജ സർട്ടിഫിക്കറ്റ്; പ്രൈവറ്റ് സെക്രട്ടറിയുടെ മകന് നൽകിയത് നിയമപ്രകാര രേഖയെന്ന് ആരോഗ്യമന്ത്രി
പേഴ്‌സണൽ സെക്രട്ടറിയുടെ മകനെതിരെയുള്ള ആരോപണങ്ങളിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്. തന്റെ പേഴ്‌സണൽ സെക്രട്ടറിയുടെ മകൻ കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സ തേടിയിരുന്നു. ഇതിന്റെ രേഖകൾ ആശുപത്രിയിലുണ്ട്. നിയമപരമായി തന്നെയാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതെന്നും വീണ ജോർജ് പ്രതികരിച്ചു.
ഗുരുതര തെറ്റാണ് സംഭവിച്ചത്. വിഷയത്തിൽ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിൽ തുടർ നടപടികളുണ്ടാകും. പേഴ്‌സണൽ സെക്രട്ടറിയുടെ മകൻ കൊവിഡാന്തര ചികിത്സയ്ക്കായാണ് മെഡിക്കൽ കോളജിലെത്തിയത്. സർട്ടിഫിക്കറ്റ് നൽകിയത് കോളജിൽ ഹാജരാക്കാനാണ്. വിദ്യാർത്ഥിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കേസിൽ അഡമിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറിന്റെ അറസ്റ്റ് ഉടനുണ്ടാകും. വ്യാജ ജനന സർട്ടിഫിക്കറ്റ് കൈപ്പറ്റിയ ആളെയും കണ്ടെത്തിയിട്ടുണ്ട്. ആശുപത്രി സൂപ്രണ്ട് ഗണേഷ് മോഹന്റെ മൊഴിയും ഉടൻ രേഖപ്പെടുത്തും.