ഉള്ളതും ഇല്ലാത്തതും മാധ്യമങ്ങൾക്ക് നൽകുന്നവർ ശത്രുക്കൾ: വിഡി സതീശൻ
കോൺഗ്രസ് പാർട്ടിയിൽ തർക്കമെന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത് ചിലരുടെ രോഗമാണ്. ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്ന പാർട്ടി പ്രവർത്തകർ ബന്ധുക്കളല്ല, ശത്രുക്കളാണെന്നും വിഡി സതീശൻ പറഞ്ഞു. മാധ്യമങ്ങൾ വാർത്ത കിട്ടിയാൽ കൊടുക്കും. ദൈവം പോലും വിമർശിക്കപ്പെടുന്ന കാലമാണെന്നും സതീശൻ പറഞ്ഞു.
വിമർശനം നല്ലതാണ്. വിമർശനം ശരിയാണെങ്കിൽ തിരുത്തും. അല്ലെങ്കിൽ വിമർശിക്കുന്നവരെ പറഞ്ഞു മനസ്സിലാക്കും. നേതാക്കൾ സ്വയം നവീകരണത്തിനു വിധേയരാകണം. എന്നാൽ വിമർശനം മനപ്പൂർവം ആകരുത്. അത് ഗുണപ്രദമാകണം. മാധ്യമങ്ങൾക്ക് വാർത്തകൾ കൊടുക്കുന്നത് ചിലർക്ക് രോഗമാണ്. ഉള്ളതും ഇല്ലാത്തതും പറഞ്ഞതും പറയാത്തതും കൊടുക്കുന്നു. അത് മാധ്യമങ്ങൾ വാർത്തയാക്കുകയാണ്. തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് സാധാരണ പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. എല്ലാവർക്കും തെറ്റ് സംഭവിക്കാം. വിമർശനം തെറ്റല്ല. താൻ പലപ്പോഴും സ്വയം നവീകരണത്തിന് ശ്രമിക്കാറുണ്ട്. പക്ഷേ വിമർശനങ്ങൾ ദുരുദ്ദേശ്യപരമാകരുതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.