'പൊലീസിനെക്കൊണ്ട് സിപിഎം പൂരം കലക്കി, എഡിജിപി മുഖ്യമന്ത്രിയുടെ ദൂതൻ'; വിഡി സതീശൻ
എഡിജിപി എംആർ അജിത്കുമാറും ആർഎസ്എസ് നേതാവ് ദത്തത്രേയ ഹൊസബെലയും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഡിജിപി മുഖ്യമന്ത്രിയുടെ ദൂതനാണെന്നും സിപിഎം പൊലീസിനെക്കൊണ്ട് പൂരം കലക്കിയെന്നും വി ഡി സതീശൻ ആരോപിച്ചു.
നൂറു ശതമാനം ഉറപ്പുള്ള കാര്യമാണ് താൻ പറഞ്ഞതെന്നും താൻ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയെന്ന് വ്യക്തമായതായും പ്രതിപക്ഷനേതാവ് പറഞ്ഞു. സിപിഎമ്മുമായി അജിത് കുമാറിന് ബന്ധമില്ലെന്ന് അവർ പറയുന്നു. സിപിഎമ്മിന് ബന്ധമുണ്ടെന്ന് താൻ പറഞ്ഞോയെന്നും സതീശൻ ചോദിച്ചു. പല കേസുകളും ഒത്തുതീർപ്പാക്കാൻ ബെഹ്‌റയെ മുമ്പ് പിണറായി ഉപയോഗിച്ചിട്ടുണ്ട്. സിപിഎം- ബിജെപി അവിഹിത ബാന്ധവമുണ്ടെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിട്ടുണ്ട്. ഒരു പ്രത്യേക പ്രിവിലേജ് കേന്ദ്രം പിണറായിക്ക് നൽകുന്നുണ്ട്.
എഡിജിപി സ്ഥലത്തുള്ളപ്പോഴാണ് കമ്മിഷണർ പൂരം കലക്കിയത്. പൊലീസിനെ കൊണ്ട് സിപിഎം പൂരം കലക്കി. അൻവർ വീണ്ടും പിണറായിയെ അപമാനിക്കുകയാണ്. ഒരുപാട് രഹസ്യങ്ങൾ അറിയുന്നതു കൊണ്ടാണ് എഡിജിപിയെയും പി ശശിയെയും മാറ്റാത്തത്. പിണറായിയുടെ ഓഫീസിലെ ഉപജാപകസംഘത്തിൽ മന്ത്രിസഭയിലെ ഒരു ഉന്നതനും ഉണ്ട്. അതുകൊണ്ടാണ് ഈ കൊട്ടാര വിപ്ലവം നടക്കുന്നതെന്നും വിഡി സതീശൻ രൂക്ഷഭാഷയിൽ വിമർശിച്ചു.
രണ്ടു പേരുടെ പേര് പുറത്തു വന്നു കഴിഞ്ഞു. മൂന്നാമനായ മന്ത്രിയുടെ പേരും വൈകാതെ പുറത്തു വരും. മുഖ്യമന്ത്രി പറഞ്ഞിട്ടല്ല അജിത്കുമാർ പോയതെന്ന് വാദത്തിനു സമ്മതിക്കാം. പക്ഷേ ഇക്കാര്യം അറിഞ്ഞിട്ട് മുഖ്യമന്ത്രി എന്തു ചെയ്തു? ഒരു വിശദീകരണം എങ്കിലും ചോദിച്ചോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. എംവി ഗോവിന്ദൻ വീണ്ടും മുഖ്യമന്ത്രിയെ അപമാനിക്കുകയാണ്.
അജിത്തിനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്നാണ് ഗോവിന്ദൻ പറഞ്ഞതിന്റെ അർത്ഥം. കുഴൽപ്പണ കേസ് സെറ്റിൽ ചെയ്തതിന്റെ നന്ദി പ്രകടനമാണ് സുരേന്ദ്രൻ നടത്തുന്നത്. തൃശൂരിൽ യുഡിഎഫിന്റെ വോട്ടുകൾ പോയത് എൽഡിഎഫിനാണെന്നും എന്നാൽ സിപിഎം വോട്ടുകൾ ബിജെപി യിലേക്ക് പോയതാണ് സുനിലിന്റെ പരാജയത്തിന് കാരണമായതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൂട്ടിച്ചേർത്തു.