പെൻഷൻ പ്രായം ഉയർത്തിയ തീരുമാനം പാർട്ടി അറിയാതെ ആണെങ്കിൽ മന്ത്രിയെ പുറത്താക്കണം; വി.ഡി.സതീശൻ
പെൻഷൻ പ്രായം ഉയർത്തിയ തീരുമാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയോ മന്ത്രിമാരോ മന്ത്രിസഭയോ പാർട്ടിയോ അറിയാതെ എങ്ങനെയാണ് പെൻഷൻ പ്രായം ഉയർത്താനുള്ള ഉത്തരവിറങ്ങിയത്. ആരും അറിയാതെയാണെങ്കിൽ ഉത്തരവിൽ ഒപ്പുവച്ച മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം. അതിനുള്ള ധൈര്യമുണ്ടോ? ഇപ്പോൾ ആരും അറിഞ്ഞില്ല, മന്ത്രിസഭ ചർച്ച ചെയ്തില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്. ഉത്തരവ് പൂർണമായും പിൻവലിക്കണം. തൊഴിലാളി വിരുദ്ധമായ ധാരാളം കാര്യങ്ങൾ ഈ ഉത്തരവിലുണ്ട്.
യുഡിഎഫും കോൺഗ്രസും യോഗം ചേർന്നെടുത്ത തീരുമാനത്തെ തുടർന്നാണ് ഗൗരവതരമായ വിഷയങ്ങൾ ഉയർത്തി സർക്കാരിനെതിരെ സമരം ചെയ്യുന്നത്. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. യോഗം വിളിച്ച് ചേർക്കാൻ പോലും മുഖ്യമന്ത്രി തയാറായില്ല. കഴിഞ്ഞ ദശാബ്ദക്കാലത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വിലക്കയറ്റമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.