പ്രത്യേക കമ്മീഷനെ വെക്കില്ല; എൽദോസ് കുന്നപ്പിള്ളിയുടെ ഭാഗംകൂടി കേട്ടശേഷം നടപടിയെന്ന് വി.ഡി. സതീശൻ
എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്‌ക്കെതിരായ പീഡന പരാതിയിൽ അദ്ദേഹത്തിന്റെ വശം കൂടി കേട്ടശേഷം തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെ ചിന്തൻ ശിബിറിൽ തങ്ങളുടെ പൊതുവായ സമീപനം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ രണ്ടുവശവും പരിശോധിച്ച് തീരുമാനിക്കും. അവർക്ക് പറയാനുള്ളത് അവർ കോടതിയിൽ പറഞ്ഞിട്ടുണ്ട്, എൽദോസിന് എന്താണ് പറയാനുള്ളത് എന്ന് കേട്ട ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും. സംഭവം പുറത്തുവന്നതിന് ശേഷം എൽദോസുമായി സംസാരിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ ബാഹ്യ ഇടപെടലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സംഭവത്തിൽ ആരെങ്കിലും അനധികൃതമായോ അനാവശ്യമായോ ഇടപെട്ടിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കും. പോലീസ് അന്വേഷിക്കുന്ന കേസ് ആയതുകൊണ്ട് തന്നെ പ്രത്യേക കമ്മീഷൻ വെച്ച് പാർട്ടി സമാന്തര അന്വേഷണം നടത്തില്ലെന്നും പ്രസിഡന്റിന്റെ നേതൃത്വത്തിൽ നേതാക്കളുമായി ചേർന്ന് തീരുമാനമെടുക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.