ലോകത്ത് കണ്ടിരിക്കേണ്ട കാഴ്ചകൾ, 'വൈക്കത്തഷ്ടമിയും മറവന്‍തുരുത്തും';ന്യൂയോര്‍ക്ക് ടൈംസില്‍ പ്രത്യേക പരാമര്‍ശം
ന്യൂയോര്‍ക്ക് ടൈംസ് തിരഞ്ഞെടുത്ത ഈ വര്‍ഷം നിര്‍ബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളില്‍ വൈക്കത്തിനും മറവന്‍തുരുത്തിനും പ്രത്യേക പരാമര്‍ശം. വൈക്കം മഹാദേവക്ഷേത്രത്തിലെ വൈക്കത്തഷ്ടമിയും മറവന്‍തുരുത്തിലെ ഗ്രാമീണതയ്ക്കുമാണ് അംഗീകാരം. ഉത്തരവാദിത്വ ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലാദ്യമായി വാട്ടര്‍ സ്ട്രീറ്റ് പ്രവര്‍ത്തനം ആരംഭിച്ചത് മറവന്‍തുരുത്തിലാണ്.
വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി ഒരേസമയം ചെറിയ കനാലുകളിലൂടെയും കൈത്തോടുകളിലൂടെയും ആറ്റിലൂടെയും കായലിലൂടെയും കയാക്കിങ് ചെയ്യാനാകുമെന്നത് മറവന്‍തുരുത്തിന്റെ മാത്രം പ്രത്യേകതയാണ്. കയാക്കിങ്ങിനിടയില്‍ വീടുകളില്‍ പോയി കരിക്ക് കഴിക്കാനും ഭക്ഷണം കഴിക്കാനും തഴപ്പായ, ഓലമെടയല്‍, കള്ള് ചെത്ത്, മീന്‍ വളര്‍ത്തലും മീന്‍പിടിത്തം തുടങ്ങിയവ കാണാനും അവസരമുണ്ട്. സൂര്യോദയ, സൂര്യാസ്തമയ കാഴ്ചകളാണ് മറ്റൊരു പ്രത്യേകത.
ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമിയെക്കുറിച്ചാണ് മറ്റൊരു പരാമര്‍ശം. സാംസ്‌കാരിക പാരമ്പര്യവും ഇടകലര്‍ന്നതാണ് വൈക്കത്തഷ്ടമി. അന്നദാനപ്രഭുവായ പെരുംതൃകോവിലപ്പന്റെ സന്നിധിയിലെ പ്രധാന ആട്ടവിശേഷമാണ് വൃശ്ചിക മാസത്തിലെ കൃഷ്ണാഷ്ടമി. വൈക്കത്തെ പഴയബോട്ടുജെട്ടിയും കായലോര ബീച്ചും ശില്പഉദ്യാനവും മുനിസിപ്പല്‍ പാര്‍ക്കും സത്യാഗ്രഹ സ്മാരക ഗാന്ധിമ്യൂസിയവും പഴയ പോലീസ് സ്റ്റേഷനും ഏറെ ആകര്‍ഷകമാണ്.