ഉത്രാട പാച്ചിലും, തിരുവോണ ഒരുക്കവും; പ്രചാരണ പരിപാടികൾക്ക് അവധി നൽകി പുതുപ്പള്ളിയിലെ സ്ഥാനാർത്ഥികൾ
നാടെങ്ങും ഓണത്തിരക്കിലേക്ക് കടന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് അവധി നൽകി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ. പ്രമുഖ മുന്നണി സ്ഥാനാർഥികൾ മൂവരും ഇന്ന് മണ്ഡലത്തിൽ ഉണ്ടാകും. വാഹന പ്രചാരണം ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികൾ മുന്നണികളും ഒഴിവാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട നേതാക്കൻമാരും ഓണാഘോഷങ്ങൾക്കു ശേഷമേ പുതുപ്പള്ളിയിലേക്ക് മടങ്ങിയെത്തൂ. പരസ്യ പ്രചാരണത്തിന് ഓണവധിയെടുത്തെങ്കിലും പരമാവധി വ്യക്തിപരമായ സന്ദർശനങ്ങളിലൂടെ വോട്ടു തേടാനാവും സ്ഥാനാർഥികളുടെ ശ്രമം.
അതേസമയം, പുതുപ്പള്ളിയിൽ പരസ്യ പ്രചാരണത്തിന്‍റെ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോൾ ഇരുമുന്നണികളും പ്രചാരണ അജണ്ടകൾ ഉറപ്പിക്കുകയാണ്. സമൃതി യാത്രകളിലൂടെ ഉമ്മൻചാണ്ടി ഓർമ്മകൾ പുതുപ്പള്ളിയിൽ യുഡിഎഫ് സജീവമാക്കുന്നുണ്ട്. വികസന വിഷയങ്ങളിൽ തന്നെയാകും തുടർന്നും ചർച്ചകളെന്ന് എൽഡി എഫും വ്യക്തമാക്കുന്നു. വ്യക്തി അധിക്ഷേപങ്ങൾ പാടില്ലെന്ന് ഇരുമുന്നണികളും പറയുമ്പോഴും സൈബർ സംഘങ്ങൾ പിൻമാറുന്നില്ല എന്നതാണ് വാസ്തവം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇനി ബാക്കിയുള്ളത് ഒരാഴ്ചയാണ്. എതിരാളിയുടെ അവസാന അടവുകളിലെന്തൊക്കെയെന്നതാണ് മത്സര രംഗത്തുള്ളവരുടെ ആകാംക്ഷ. ഉമ്മൻചാണ്ടിയുടെ വിയോഗത്തിലെ സഹതാപ വികാരം ഉച്ചസ്ഥായിയിൽ നിൽക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചാണ്ടി ഉമ്മനെ രംഗത്തിറക്കി അനുകൂല വികാരം ഉറപ്പിക്കുന്നതിൽ യുഡിഎഫ് ആദ്യ ലാപ്പിൽ വിജയിക്കുകയും ചെയ്തു. എന്നാൽ രണ്ടാം ലാപ്പിൽ മണ്ഡലത്തിൽ പരിചിത മുഖമായ ജയ്ക്കിന്‍റെ രംഗപ്രവേശവും വികസന വിഷയങ്ങളിലേക്ക് മാറിയ ചർച്ചകളും എൽഡിഎഫ് ക്യാമ്പിനും ഊർജ്ജമായി.