ഗവർണർക്കെതിരെ വീണ്ടും പ്രമേയം പാസാക്കി സെനറ്റ്
ഗവർണർക്കെതിരെ വീണ്ടും പ്രമേയം പാസാക്കി കേരള സർവകലാശാല സെനറ്റ്. സെനറ്റിൽ 50 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ, ഏഴു പേർ എതിർത്തു. ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് സെനറ്റ് വ്യക്തമാക്കി. സെർച്ച് കമ്മിറ്റി നോട്ടിഫിക്കേഷൻ പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഗവർണർ നോട്ടിഫിക്കേഷൻ പിൻവലിച്ചശേഷം സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കാം എന്നാണ് അവർ ഇന്നു സ്വീകരിച്ച നിലപാട്.
ഗവർണർ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങൾ ഇന്നു ചേർന്ന യോഗത്തിൽ പങ്കെടുത്തില്ല. ഇതിൽ 2 പേർ സിപിഎമ്മിന്റെ സിൻഡിക്കറ്റ് അംഗങ്ങളാണ്. സെനറ്റ് പ്രതിനിധിയെ ഒഴിവാക്കി ഗവർണർ ഏകപക്ഷീയമായി സേർച് കമ്മിറ്റി രൂപീകരിച്ചത് സർവകലാശാലാ ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും കമ്മിറ്റിയുടെ രൂപീകരണം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം ഓഗസ്റ്റിൽ ചേർന്ന സെനറ്റ് യോഗം അംഗീകരിച്ചിരുന്നു. ഈ പ്രമേയം ഗവർണർക്കു വിസി അയച്ചു കൊടുത്തെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. ഇതോടെയാണ് സെനറ്റ് രണ്ടാമതും പ്രമേയം പാസാക്കിയത്.