സ്ഥാനാർഥികളുടെ ആസ്തി വിവരങ്ങൾ പുറത്ത്; ബി ജെ പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ സ്വത്തു വിവരങ്ങൾ മറച്ചുവെച്ചെന്നാരോപണം
ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായതോടെ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്നത് സ്ഥാനാർഥികളുടെ ആസ്തിയാണ്. കേരളത്തിലെ സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ളത് തുഷാർവെളളാപള്ളിക്കാണ്. 62.46 കോടിയുടെ ആസ്തി. രണ്ടാമതുള്ള ശശിതരൂരിന്റെ ആസ്തിയാകട്ടെ 56.06 കോടി രൂപ. എന്നാൽ കേന്ദ്രമന്ത്രിയും രാജ്യസഭ എം പിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ആസ്തി ആകട്ടെ ഇവരേക്കാൾ ഒക്കെ വളരെ തഴെ 36.12 കോടി. എന്നാൽ രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച നാമനിർദ്ദേശ പത്രികയിലെ സ്വത്തുവിവരങ്ങൾ പൂർണമല്ലെന്ന് തെളിയിക്കുന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്. രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവച്ചെന്നും തെറ്റായ വിവരങ്ങൾ നൽകിയെന്നും കാണിച്ച് സുപ്രീം കോടതി അഭിഭാഷകയും കോൺഗ്രസ് പ്രവർത്തകയുമായ ആവണി ബൻസൽ തിരഞ്ഞെടുപ്പ് ഓഫിസറായ തിരുവനന്തപുരം ജില്ലാ കലക്ടർക്കു പരാതി നൽകി.
2018 ലെ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തൻ്റെ യഥാർത്ഥ സ്വത്തിൻ്റെ 1% മാത്രമാണ് രാജിവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്. രാജീവ് ചന്ദ്രശേഖർ ഒരു ശരാശരി രാഷ്ട്രീയക്കാരനെന്നതിനപ്പുറം ഇന്ത്യയിലെ ഒരു വലിയ ശതകോടീശ്വരനാണെന്നതാണ് യാഥാർത്ഥ്യം. അദ്ദേഹത്തിൻ്റെ കൈവശമുള്ള വാഹനങ്ങൾ ലംബോർഗിനി, ഫെറാറി, ബിഎംഡബ്ല്യു, മെഴ്‌സിഡസ്, ഔഡി എന്നിവയാണ്. മാത്രവുമല്ല, 140 കോടി രൂപ വിലവരുന്ന ഒമ്പത് സീറ്റുകളുള്ള ഒരു സ്വകാര്യ ജെറ്റും രാജീവ് ചന്ദ്രശേഖറിന് സ്വന്തമായുണ്ട്. 36.12 കോടിയാണ് തന്റെ അസ്തി എന്ന് കാണിച്ച് നിലവിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ യഥാർത്ഥ ആസ്തി ഏകദേശം 7,500 കോടി രൂപയോളം വരും. ഈ തിരഞ്ഞെടുപ്പിൽ മാത്രമല്ല കഴിഞ്ഞ മൂന്ന് തവണയായി രാജ്യസഭാ തെരഞ്ഞെടുപ്പിൽ പൂർണമായ വിവരങ്ങളില്ലാത്ത സത്യവാങ്മൂലമാണ് രാജീവ് ചന്ദ്രശേഖർ നൽകുന്നത്.
രാജീവ് ചന്ദ്രശേഖറിന്റെ സ്വത്തു വിവരങ്ങളെ സമ്പന്ധിച്ച് പുറത്തു വരുന്ന ചുരുക്കം ചില വിവരങ്ങൾ പരിശോധിക്കാം.1994ലാണ് രാജീവ് ബിപിഎൽ മൊബൈൽ ആരംഭിച്ചത്. 2005ൽ ബിപിഎൽ മൊബൈലിലെ 64% ഓഹരി എസ്സാർ ഗ്രൂപ്പിന് 4,400 കോടി രൂപയ്ക്ക് വിറ്റു. പിന്നീട് 2006-ൽ അദ്ദേഹം കേരളത്തിലെ ഏഷ്യാനെറ്റിൻ്റെ 51% ഓഹരി 150 കോടി രൂപയ്ക്ക് സ്വന്തമാക്കുകയുണ്ടായി. തുടർന്ന് ഏഷ്യാനെറ്റിൻ്റെ പൊതു വിനോദ ചാനലുകൾ ഏകദേശം 1,400 കോടി രൂപയ്ക്ക് സ്റ്റാർ ടിവിക്ക് വിറ്റു. അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയിൽ 30 കോടി രൂപയാണ് അദ്ദേഹം നിക്ഷേപിച്ചത്. നിലവിൽ ഏഷ്യാനെറ്റ് ന്യൂസ്, സുബർണ ടിവി, റേഡിയോ ഇൻഡിഗോ, കന്നഡ പ്രവാഹ പത്രം തുടങ്ങിയവ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലാണുള്ളത്.
മാത്രവുമല്ല താൻ താമസിക്കുന്ന മന്ദിരവും സത്യവാങ്മൂലത്തിൽ കാണിച്ചിട്ടില്ല.1.3 ഏക്കർ ഭൂമിക്ക് 120 കോടി രൂപ ചെലവ് വരുന്ന കോരമംഗല മൂന്നാം ബ്ലോക്കിലെ 9,600 ചതുരശ്ര അടി വീതമുള്ള 6 പ്ലോട്ടുകളാണ് അദ്ദേഹത്തിന് സ്വന്തമായുള്ളത്. എന്നാൽ സത്യവാങ്മൂലത്തിൽ തൻ്റെ ഗാരേജ് മാത്രമാണ് അദ്ദേഹം കാണിച്ചിരിക്കുന്നത്.
രാജീവ് നിക്ഷേപം നടത്തിയിട്ടുള്ള 50-ലധികം കമ്പനികളുടെ ഹോൾഡിംഗ് കമ്പനിയാണ് ജൂപ്പിറ്റർ കാപ്പിറ്റൽ. എന്നാൽ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ജൂപ്പിറ്റർ ക്യാപിറ്റൽ തൻ്റെ കൈവശം ഉള്ളതായി രാജീവ് പ്രഖ്യാപിച്ചിട്ടില്ല. പകരം, ജൂപ്പിറ്റർ ക്യാപിറ്റലിലെ തന്റെ നാല് കമ്പനികളുടെ ഓഹരികൾ മാത്രമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അതിൽ ആർസി സ്റ്റോക്ക്സ് ആൻഡ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് ( 44 .02% ഓഹരി) ലെ ഓഹരിയിൽ 88 .05% രാജീവ് ചന്ദ്രശേഖറിന്റെ തന്നെയാണ്. അതുപോലെ ജൂപ്പിറ്റർ ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് (20 .38% ഓഹരി) ന്റെ ഓഹരിയിൽ 50 .89% വും രാജീവിൻ്റെ ഉടമസ്ഥതയിലാണ്. മിൻസ്ക് ഡെവലപ്പേഴ്സ് (35 .52% ഓഹരി) ന്റെ 62 .83% ഓഹരിയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിയിൽ തന്നെ ഉള്ളതാണ്. അതുപോലെ വെക്ട്ര കൺസൾട്ടൻസി സർവീസസ് എന്ന കമ്പനിയുടെ 99 .97% ഓഹരികൾ രാജീവ് ചന്ദ്രശേഖറിൻ്റെ ഉടമസ്ഥതയിലുള്ളതും, ബാക്കിയുള്ളത് അദ്ദേഹത്തിൻ്റെ ഭാര്യയുടെയും അമ്മയുടെയും ഉടമസ്ഥതയിലുള്ളതുമാണ്. ഈ നാല് കമ്പനികളുടെയും സംയുക്ത മൂല്യം എന്നു പറയുന്നത് യഥാർത്ഥത്തിൽ ഏകദേശം 1,350 കോടി രൂപയാണ്.
ഇവയ്‌ക്കെല്ലാം പുറമെ, ജൂപ്പിറ്റർ കാപ്പിറ്റലിൻ്റെ ചെയർമാനെന്ന നിലയിൽ രാജീവ് ചാറ്റർശേഖറിന് പ്രതിവർഷം 28 കോടി രൂപ ശമ്പളമായി നേടിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 84 കോടിയോളം രൂപയാണ് അദ്ദേഹം നേടിയത്. വാസ്തവത്തിൽ, അദ്ദേഹത്തിന്റെ യഥാർത്ഥ സ്വത്ത് 7,500 കോടി രൂപയാണ്. എന്നാൽ സത്യവാങ്മൂലത്തിൽ അദ്ദേഹം പ്രഖ്യാപിച്ചത് വെറും 65 കോടി രൂപയാണ്. ഈ വസ്‌തുതകളെല്ലാം പൊതുമണ്ഡലത്തിൽ ലഭ്യമായ രേഖകളെ അടിസ്ഥാനമാക്കിയുള്ളതാണ്. തൻ്റെ സമ്പത്തിൻ്റെ 99 ശതമാനവും അദ്ദേഹം പൊതുസമൂഹത്തിൽ നിന്ന് മറച്ചുവെച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.