Begin typing your search...

അപ്രതീക്ഷിത കടൽക്ഷോഭം; തിരുവനന്തപുരത്തെ തീരദേശ മേഖല വെള്ളത്തിനടിയിൽ

അപ്രതീക്ഷിത കടൽക്ഷോഭം; തിരുവനന്തപുരത്തെ തീരദേശ മേഖല വെള്ളത്തിനടിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അപ്രതീക്ഷിതമായ കടൽക്ഷോഭത്തിൽ വെള്ളത്തിനടിയിലായി തിരുവനന്തപുരത്തെ തീരമേഖല. പൊഴിയൂർ, പൂവാർ, കരുംകുളം, പുല്ലുവിള, അടിമലത്തുറ മേഖലയിലെ ഇരുന്നൂറിൽപ്പരം കുടുംബങ്ങളെയാണ് കടലാക്രമണം ബാധിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കടൽ കരയിലേക്ക് കയറാൻ തുടങ്ങിയത്. നിരവധി വീടുകളിൽ വെള്ളം കയറി. ഇവിടങ്ങളിൽ ആൾക്കാരെ മാറ്റിപ്പാർപ്പിച്ചു. വെള്ളം കയറാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ആളുകളെ മാറ്റാനുള്ള ക്രമീകരണമൊരുക്കിയതിനാൽ വലിയ അപകടം ഒഴിവായി. ദുഃഖവെള്ളിയും ഈസ്റ്റർ ആഘോഷവും കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങാത്തതും അത്യാഹിതങ്ങൾ ഒഴിവാക്കി.

അപ്രതീക്ഷിതമായി വീശിയടിച്ച തിരമാലകൾ തീരദേശത്തുകാരെ ഭീതിയിലാക്കി. വൈകുന്നേരം മൂന്നോടെ തീരദേശത്തിന്‍റെ താഴ്ന്ന ഭാഗങ്ങൾ പൂർണ്ണമായി വെള്ളത്തിനടിയിലായി. റോഡുകളും മുങ്ങിയതോടെ നിരവധി പേർ വീടുകളിൽ കുടുങ്ങി. ജെ. സി. ബി. ഉപയോഗിച്ച് വെള്ളം തുറന്ന് വിട്ട് പരിഹാരം കാണാനുളള ശ്രമം വിജയിച്ചില്ല. തിരമാലകൾ രാത്രിയിലും കരയിലേക്ക് വീശിക്കയറി. കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടായ കള്ളക്കടൽ പ്രതിഭാസമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. സാധാരണയായി മാർച്ച് അവസാനം മുതൽ മെയ് വരെ ഇടക്ക് കടലിന്‍റെ സ്വഭാവത്തിൽ മാറ്റമുണ്ടാകുമെങ്കിലും ഇത്ര കലുഷിതമാകില്ലെന്നാണ് വിലയിരുത്തൽ.

കൊല്ലംകോട് മുതൽ അടിമലത്തുറ വരെ ജില്ലയുടെ തെക്കൻ പ്രദേശത്തെ കടൽ ക്ഷോഭം ഏറെ ബാധിച്ചു. പൊഴിയൂർ,പൂവാർ ഇ.എം.എസ് കോളനി, എരിക്കലുവിള, ചിലാന്തി വിളാകം, കരിംകുളം, പള്ളം, പുല്ലുവിള, അടിമലത്തുറ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമായിരുന്നു. പൂവാർ , കരുംകുളം, കുളത്തൂർ, കോട്ടുകാൽ പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾക്കായി അധികൃതർ സ്കൂളുകൾ സജ്ജമാക്കിയിട്ടുണ്ട്.

വീടൊഴിഞ്ഞ് പോകുന്നവർ ക്യാമ്പുകളിൽ എത്തണമെന്ന അറിയിപ്പും നൽകി. കടൽ ശാന്തമാകുന്നതുവരെ ആരും കടലിൽ പോകരുതെന്ന് ആരാധനാലയങ്ങൾ വഴിയും കടലോര ജാഗ്രതാ സമിതി വഴിയും പൊലീസും , മറൈൻ എൻഫോഴ്സുമെന്‍റും, ഫിഷറീസ് അധികൃതരും മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിന് സാധ്യതയുണ്ട്. ഉയർന്ന തിരമാലയും കടലാക്രമണവും ഒരു ദിവസം കൂടി തുടരുമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

WEB DESK
Next Story
Share it