ട്രോളി ബാഗ് വിവാദം ബിൽഡപ്പ് സ്റ്റോറി ; സിപിഐഎമ്മിനെതിരെ വിമർശനവുമായി സിപിഐ നേതാവ് സി.ദിവാകരൻ
പാലക്കാട്ടെ ട്രോളി വിവാദത്തിൽ സിപിഐഎം നേതൃത്വത്തിനെതിരെ വിമർശനവുമായി മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ. ട്രോളി ബാഗ് ആരോപണമുന്നയിച്ചവർ ഇരുട്ടിൽ ആണ്. കള്ളപ്പണ ആരോപണം ഉന്നയിച്ചവർക്ക് ഒരു തെളിവും നൽകാനാകുന്നില്ല. ട്രോളി ബാഗ് വിവാദം ഒരു ബിൽഡ് അപ്പ് സ്റ്റോറി ആണെന്നും അതിൽ പൊലീസിനും പങ്കുള്ളതായി സംശയിക്കുന്നുവെന്നും സി ദിവാകരൻ പറഞ്ഞു.
പണം കൊണ്ടുവന്ന് പോയി, വന്നു എന്നൊക്കെ പറയുന്നു. വസ്തുത തെളിയിക്കണം. ആരോപിച്ചവർ തെളിവുകൾ നൽകിയിട്ടില്ല. അവർക്ക് തെളിവ് നൽകാൻ കഴിയുന്നില്ല. ജനങ്ങളുടെ ശ്രദ്ധ തിരിഞ്ഞുപോവാൻ ഇതെല്ലാം കാരണമാവുമെന്നും സി ദിവാകരൻ പറഞ്ഞു. വയനാട് തെരഞ്ഞെടുപ്പ് സെലിബ്രിറ്റി മണ്ഡലമായി മാറുന്നു. ജനാധിപത്യത്തിൽ അത് ദോഷം ചെയ്യും. സെലിബ്രിറ്റിയെ കേന്ദ്രമന്ത്രിയാക്കിയതിന് അനുഭവിക്കുകയാണ്. സെലിബ്രിറ്റികളല്ല ആവശ്യം, സംശുദ്ധമായ രാഷ്ട്രീയ പശ്ചാത്തലമാണ് ആവശ്യം. മുകേഷിനെ എംഎൽഎ ആക്കിയതിനും അനുഭവിക്കുന്നുണ്ടല്ലോ. അത് ഇടതുപക്ഷമായാലും ആരായാലും അങ്ങനെ തന്നെയാവുമെന്ന് സി ദിവാകരൻ കൂട്ടിച്ചേർത്തു.