വിശ്വനാഥന്റേത് ആത്മഹത്യയല്ലെന്ന് ബന്ധുക്കൾ
ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റേത് ആത്മഹത്യയല്ലെന്നും, മർദിച്ചു കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കൾ. ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലെത്തിയ കൽപറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയൽ കോളനിയിലെ വിശ്വനാഥൻ (46) മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ആൾക്കൂട്ട മർദനത്തിനിരയായ ശേഷം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിശ്വനാഥന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. വിവാഹം കഴിഞ്ഞ് 8 വർഷത്തിനു ശേഷമുണ്ടായ കുഞ്ഞിന്റെ മുഖം കണ്ട് സന്തോഷത്തിലായിരുന്ന വിശ്വനാഥൻ ആത്മഹത്യ ചെയ്യില്ലെന്നു സഹോദരൻ രാഘവൻ പറഞ്ഞു. വിശദമായ അന്വേഷണം നടത്തണം. ബന്ധുക്കളുടെ ഒപ്പ് വാങ്ങാതെയാണു വിശ്വനാഥന്റെ പോസ്റ്റ്മോർട്ടം നടത്തിയതെന്നും സഹോദരൻ ആരോപിച്ചു.
അതേസമയം, കഴുത്തു മുറുകിയതാണു മരണ കാരണമെന്നാണു മെഡിക്കൽ കോളജ് പൊലീസിന്റെ നിഗമനം. വിശദമായ അന്വേഷണത്തിനായി സിസിടിവി ദൃശ്യങ്ങൾ ഇന്നു പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ ഗോത്ര കമ്മിഷനും മെഡിക്കൽ കോളജ് അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
വിശ്വനാഥന്റെ കുടുംബത്തിനു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കൽപറ്റ എംഎൽഎ ടി.സിദ്ദിഖ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി. വിശ്വനാഥന്റെ സംസ്കാരം ഇന്നലെ കൽപറ്റയിലെ വീട്ടുവളപ്പിൽ നടന്നു.