സമ്പൂർണ സൂര്യഗ്രഹണം കാണാനൊരുങ്ങി വടക്കേ അമേരിക്ക
ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സമ്പൂർണ സൂര്യഗ്രഹണം ഇന്ന്. ഇന്നത്തെ സമ്പൂർണ സൂര്യഗ്രഹണം കാണാനൊരുങ്ങി വടക്കേ അമേരിക്ക. സൂര്യന്റെ മുഖം ചന്ദ്രൻ മറയ്ക്കുന്ന കാഴ്ച പസിഫിക് സമയം രാവിലെ 11.07 മുതലാണ് ദൃശ്യമാകുക. ഈസ്റ്റേൺ ഡേലൈറ്റ് ടൈം അഥവാ ഇ.ഡി.ടി പ്രകാരം രാവിലെ 11.42 മുതൽ വൈകിട്ട് 4.52 വരെയാണ് സൂര്യഗ്രഹണം. ഇന്ത്യൻ സമയം അനുസരിച്ച് ഇന്നു രാത്രി 9.13 മുതൽ നാളെ പുലർച്ചെ 2.22 വരെയാണിത്.
മെക്സിക്കോയിലും കാനഡയിലും യുഎസിലെ ടെക്സസ് ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിലും ഗ്രഹണം നേരിട്ടു കാണാനാകും. ഏതാനും സ്ഥലങ്ങളിലെങ്കിലും മേഘങ്ങൾ കാഴ്ച മറച്ചേക്കാമെന്ന അറിയിപ്പ് ഇന്നലെ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയിൽ ദൃശ്യമാകില്ല. ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്നുപോകുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്.
അതേസമയം, ഗ്രീൻ ഡെവിൾസ് കോമറ്റ് (ചെകുത്താൻ വാൽനക്ഷത്രം) എന്നറിപ്പെടുന്ന 12/പി പോൺസ് ബ്രൂക് വാൽനക്ഷത്രവും ഇന്ന് ഗ്രഹണമേഖലയിൽ ദൃശ്യമായേക്കും. കണ്ണുകൾ കൊണ്ടു നേരിട്ടു കാണാൻ സാധ്യത കുറവാണെങ്കിലും പ്രകാശ–വായു മലിനീകരണം കുറഞ്ഞ സ്ഥലങ്ങളിൽ ദൃശ്യമായേക്കാം. കൊമ്പുപോലെ തോന്നിക്കുന്ന ‘തലഭാഗത്തെ’ വെളിച്ചവും സൗരാകർഷണത്താൽ ദൃശ്യമാകുന്ന വാലുമാണ് ചെകുത്താൻ എന്ന പേരിനു പിന്നിൽ.
അതേസമയം, ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ -1 സൂര്യനെക്കുറിച്ച് തുടർച്ചയായി പഠിക്കുന്നുണ്ടെങ്കിലും സമ്പൂർണ സൂര്യഗ്രഹണത്തിനു സാക്ഷിയാകില്ല. സൂര്യനെ എപ്പോഴും തടസ്സമില്ലാതെ കാണാൻ സാധിക്കുന്ന രീതിയിലാണ് ഉപഗ്രഹം നിലയുറപ്പിച്ചിട്ടുള്ളത്. ഗ്രഹണം കാരണം ഉപഗ്രഹത്തിന്റെ കാഴ്ച ഒരിക്കലും തടസ്സപ്പെടരുതെന്ന് ഐഎസ്ആർഒ നിശ്ചയിച്ചിരുന്നു.
‘‘ആദിത്യ എൽ1 ബഹിരാകാശ പേടകം സൂര്യഗ്രഹണം കാണില്ല. കാരണം ബഹിരാകാശ പേടകത്തിന് പിന്നിൽ ലാഗ്രാഞ്ച് പോയിന്റ് 1ൽ (എൽ1) ആണ് ചന്ദ്രൻ. ഭൂമിയിൽ ദൃശ്യമാകുന്ന ഗ്രഹണത്തിന് ആ സ്ഥലത്ത് വലിയ പ്രാധാന്യമില്ല.’’– ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.
ആദിത്യ എൽ1 ബഹിരാകാശ പേടകം ഭൂമിയിൽനിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലഗ്രാഞ്ച് പോയിന്റ് 1ന് (എൽ1) ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. എൽ 1 പോയിന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ഉപഗ്രഹത്തിന്, യാതൊരു മറയും ഗ്രഹണവും കൂടാതെ സൂര്യനെ തുടർച്ചയായി വീക്ഷിക്കാൻ സാധിക്കും. സൗരോർജ പ്രവർത്തനവും ബഹിരാകാശ കാലാവസ്ഥയിൽ അതിന്റെ സ്വാധീനവും തത്സമയം നിരീക്ഷിക്കാൻ ഇതു സഹായിക്കും.