മഹാപൂരം ഇന്ന്; പൂരത്തിന് തുടക്കംകുറിച്ച് കണിമംഗലം ശാസ്താവ് എഴുന്നള്ളി; 11ന് മഠത്തിൽവരവ് പഞ്ചവാദ്യം
കാഴ്ചയുടെ, കേൾവിയുടെ, ആനന്ദത്തിന്റെ, ആവേശത്തിന്റെ, ഒരുമയുടെ തൃശൂർ പൂരം ഇന്ന്. ഇന്നു മഴയോ വെയിലോ എന്നൊരു നോട്ടമില്ല; മനസ്സിലും മാനത്തും പൂരം മാത്രം. പൂരത്തിന് തുടക്കംകുറിച്ച് കണിമംഗലം ശാസ്താവ് എഴുന്നള്ളി. പിന്നാലെ ഘടക പൂരങ്ങൾ വന്നുതുടങ്ങി.
രാവിലെ 11ന് തെക്കേമഠത്തിനു സമീപം എത്തിയാൽ മനസ്സു നിറയ്ക്കാൻ മഠത്തിൽവരവു പഞ്ചവാദ്യമുണ്ട്. തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പു വടക്കേമഠത്തിലെ ഇറക്കിപൂജ കഴിഞ്ഞു കയറിവരുന്ന വരവാണു മഠത്തിൽവരവ്. അവിടെ അപ്പോൾ പഞ്ചവാദ്യ മധുരം സ്വീകരിക്കാനായി വൻ ജനാവലി കാത്തുനിൽപ്പുണ്ടാവും. കോങ്ങാട് മധുവിന്റെ പ്രാമാണിത്തത്തിൽ കലാകാരന്മാർ പകരുന്ന ആ മധുരം നുകർന്നു തീർന്നാലുടൻ ഇലഞ്ഞിത്തറ മേളമുണ്ട്. വടക്കുന്നാഥന്റെ സന്നിധിയിലെ ഇലഞ്ഞിച്ചുവട്ടിൽ ഉച്ചച്ചൂടിൽ അലിയാത്ത കുളിരുമായി മേളക്കമ്പക്കാർ നിരക്കും.
ഉച്ചയ്ക്കു 12നു പാറമേക്കാവിൽ ചെമ്പട കൊട്ടി ആരംഭിച്ച മേളം ഇലഞ്ഞിത്തറയിൽ എത്തുമ്പോഴേക്കും അവിടെ ജനസാഗരമായിരിക്കും. 2.10ന് ഇവിടെ ചെണ്ടപ്പുറത്തു കോലു വീഴും. കിഴക്കൂട്ട് അനിയൻമാരാർ ഊട്ടുന്ന മേളസദ്യയാണ് ഇക്കുറി ഇലഞ്ഞിത്തറ മേളം. ഈ സമയം തിരുവമ്പാടിയുടെ പാണ്ടിമേളത്തിനു ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ പ്രമാണിയാകും.
പിന്നെയാണു ലോകം മുഴുവൻ കണ്ണും നട്ടിരിക്കുന്ന തെക്കോട്ടിറക്കവും കുടമാറ്റവും. പാറമേക്കാവിലമ്മയുമായി ഗുരുവായൂർ നന്ദനും തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനും ആണ് ഇക്കുറി എഴുന്നള്ളുന്നത്. ഇരു ഭഗവതിമാരും മുഖാമുഖം നോക്കി നിൽക്കുമ്പോൾ ഇരുവശത്തെയും ആനച്ചന്തം നോക്കിക്കാണാൻ ജനം തിക്കിത്തിരക്കും. 15 കൊമ്പൻമാരാണ് ഇരുവശവും. ആനപ്പുറത്ത് കുടകൾ പലവിധം മാറിമാറി നിവരുമ്പോൾ പൂരപ്പറമ്പു നിറഞ്ഞ ജനം ആവേശം കൊണ്ട് ആർപ്പുവിളിക്കും. ഇരുവശവും ഒന്നിനൊന്നു മികവാർന്ന കുടകൾ നിവർത്തി മത്സരിച്ചുള്ള കുടമാറ്റം അവർക്ക് ഇനി ഒരാണ്ടത്തേക്കു മനസ്സിൽ സൂക്ഷിക്കാനുള്ള കാഴ്ചയാണ്.
രാത്രി 10.30നു പാറമേക്കാവിന്റെ പഞ്ചവാദ്യത്തിനു ചോറ്റാനിക്കര നന്ദപ്പ മാരാർ പ്രമാണിയാകും. ഈ സമയം തിരുവമ്പാടിയുടെ മഠത്തിൽവരവു സമയത്തെ പഞ്ചവാദ്യം ആവർത്തിക്കും. പിന്നെ അധികം ഇടവേളയില്ല. തിങ്കൾ പുലർച്ചെ 3ന് വെടിക്കെട്ട് ആരംഭിക്കും. ആദ്യം തിരുവമ്പാടിയും തുടർന്നു പാറമേക്കാവും തിരികൊളുത്തും.