Begin typing your search...

തൃശൂർ പൂരം അലങ്കോലമാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് വി എസ് സുനിൽ കുമാർ; അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിടണം

തൃശൂർ പൂരം അലങ്കോലമാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് വി എസ് സുനിൽ കുമാർ; അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിടണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തൃശൂർ പൂരം അലങ്കോലപ്പെട്ടത് യാദൃച്ഛികമല്ലെന്നും, അത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയതാണെന്നും സിപിഐ നേതാവ് വി എസ് സുനിൽകുമാർ. ഇതിന്റെ പിന്നിൽ വലിയ ഗൂഢാലോചനയുണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. പൂരം വിഷയത്തിൽ പൊലീസിന് വീഴ്ച പറ്റി. അന്നു തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ എഡിജിപി അജിത് കുമാറിന് ഇതിൽ പങ്കുണ്ടോയെന്ന് അറിയില്ല. പി വി അൻവർ പറഞ്ഞ കാര്യങ്ങളല്ലാതെ തന്റെ കയ്യിൽ തെളിവുകളൊന്നുമില്ലെന്നും വി എസ് സുനിൽ കുമാർ പറഞ്ഞു.

പകൽപ്പൂരം ഒരു പരാതിയുമില്ലാതെയാണ് നടന്നത്. തെക്കോട്ടിറക്കം കഴിഞ്ഞശേഷം തിരുവമ്പാടി ദേവസ്വത്തിന്റെ ആളുകൾ അന്നത്തെ പൊലീസ് കമ്മീഷണർക്കൊപ്പം സെൽഫി വരെ എടുത്തതാണ്. ആർക്കും ഒരു പരാതിയുമില്ലാതെ എല്ലാവരും ഒന്നിച്ച് നടത്തിയ പൂരം, രാത്രിയോടെ പൊലീസ് നാടകീയ നിലപാട് സ്വീകരിക്കുകയായിരുന്നു. മേളം നിർത്തിവെക്കുക, ലൈറ്റ് ഓഫ് ചെയ്യുക, വെടിക്കെട്ട് നടത്തില്ലെന്നും പറയുന്നു. പൂരത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കാത്ത ബിജെപി സ്ഥാനാർത്ഥി ഈ സമയത്ത് നാടകീയമായി പ്രത്യക്ഷപ്പെട്ടു. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ഇതിന്റെ പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന എല്ലാവർക്കും മനസ്സിലാകും. പൂരം അലങ്കോലപ്പെടുത്താൻ തീരുമാനിച്ചത് സർക്കാരാണെന്നും, പിന്നിൽ എൻഡിഎഫ് ആണെന്നും പ്രചാരണം നടത്തി. ഇതിന്റെ പേരിൽ ഇടതു സ്ഥാനാർത്ഥിക്കെതിരെ ജനവികാരം തിരിച്ചു വിടാൻ ബിജെപി നേതാക്കൾ ശ്രമിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ മധ്യത്തിൽ പൂരത്തിന്റെ പ്രധാന ചടങ്ങുകൾ നിർത്തിവെപ്പിച്ചതിൽ പൊലീസ് മാത്രമല്ല, പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ചില ആളുകൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്.

പൂരത്തിന്റെ നടത്തിപ്പിലെ വീഴ്ചയിൽ പൊലീസിന്റെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണമെന്ന് സർക്കാരിനോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെടുകയാണ്. ഇതിന്റെ പിന്നിലെ സത്യം അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഇതിൽ വിശ്വാസപരവും രാഷ്ട്രീയപരവുമായ വിഷയമുണ്ട്. പൂരം കലക്കിയതിന് പിന്നിൽ പ്രവർത്തിച്ചവരാരാണ്, എങ്ങനെ അലങ്കോലപ്പെട്ടു?, അതിനിടയാക്കിയ സാഹചര്യം എന്താണ്, അതിന്റെ പിന്നിലെ ഗൂഢാലോചന എന്നതെല്ലാം പുറത്തു വന്നേ മതിയാകൂ. പൂരം അലങ്കോലമായതിന്റെ ഇരയാണ് താനെന്നും വി എസ് സുനിൽ കുമാർ പറഞ്ഞു.

WEB DESK
Next Story
Share it