തൃശൂർ പൂരത്തിന് ഇന്ന് സമാപനം
പൂർണ നിറവായി, പൊൻപൂരം. തേക്കിൻകാട്ടിലും പരിസരത്തും പൂരപ്രേമികൾ നിറഞ്ഞൊഴുകി. പഞ്ചവാദ്യത്തിന്റെയും പാണ്ടിമേളത്തിന്റെയും വാദ്യഗോപുരങ്ങൾ കെട്ടിക്കെട്ടി ഉയരങ്ങളിലേക്കു പോയ സുദിനം. കലാശങ്ങളുടെ സൂചിമുനയിൽ താളപ്രപഞ്ചം പൊട്ടിവിരിഞ്ഞ മനോഹര നിമിഷങ്ങൾ. കുടമാറ്റത്തിന്റെ ആരവം ആകാശങ്ങളിൽ തട്ടി പ്രതിഫലിച്ച പ്രൗഢഗംഭീര ആഘോഷം.
നാടൊന്നാകെ പൂരനഗരിയിലേക്ക് ഒഴുകിയ മായിക ദിനത്തിൽ ഘടക പൂരങ്ങളുടെ വരവോടെ തേക്കിൻകാടു നിറഞ്ഞുതുടങ്ങി. കണിമംഗലം ശാസ്താവ് എഴുന്നള്ളിയതോടെ തുടങ്ങിയ പൂരത്തിന്റെ നിറവിലേക്കു നെയ്തലക്കാവ്, കാരമുക്ക്, അയ്യന്തോൾ, ലാലൂർ, ചൂരക്കോട്ടുകാവ്, ചെമ്പുക്കാവ്, പനമുക്കുംപിള്ളി പൂരങ്ങൾ എഴുന്നള്ളിയെത്തി. തിരുവമ്പാടിയുടെ പുറത്തേക്കെഴുന്നള്ളിപ്പിനും മഠത്തിലേക്കുള്ള വരവിനും അകമ്പടിയായി ദേശക്കാരുടെ വൻ സംഘമെത്തി.
പാറമേക്കാവിലമ്മയെ ഗുരുവായൂർ നന്ദന്റെ ശിരസ്സിലേറ്റി പുറത്തേക്ക് എഴുന്നള്ളിച്ചു കൊണ്ടുവന്ന കിഴക്കൂട്ട് അനിയൻമാരാർ പാണ്ടി പതിവിലും നീട്ടിയാണു കൊലുമ്പിയത്. സംഗീത മധുരമായ ചെമ്പട കേൾക്കാനായി മാത്രമെത്തിയവർക്കു മധുരം തന്നെയായിരുന്നു അത്. ഇലഞ്ഞിത്തറയിലാകട്ടെ കിഴക്കൂട്ടിന്റെ പാണ്ടി രൗദ്രഭാവത്തിലായിരുന്നു.
ഇതിനു തൊട്ടുപിന്നാലെ തിരുവമ്പാടിയുടെ വരവിന്റെ ഭാഗമായ ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പാണ്ടി വടക്കുന്നാഥ ശ്രീമൂലസ്ഥാനത്തു കലാശിച്ചു.
തുടർന്നു കുടമാറ്റത്തിനായി തിരുവമ്പാടിയും പാറമേക്കാവും ഇറങ്ങുമ്പോഴേക്കും കാത്തുനിന്നതു ജനസാഗരം. അവരുടെ ആർപ്പുവിളിയുടെ പൂരാവേശത്തിലേക്കാണ് ഇരുകൂട്ടരും ഇറങ്ങി നിന്നതും കുട മാറ്റിയതും. മഴ വിട്ടുനിന്ന പകലിൽ ഒരു തുള്ളി പോലും തൂവാതെയാണു കുടമാറ്റം കലാശിച്ചത്.
ഇന്നു രാവിലെ 8 മുതൽ പകൽപൂരം നടക്കും. വടക്കുന്നാഥന്റെ പടിഞ്ഞാറേ നടയിലാണു തിരുവമ്പാടി, പാറമേക്കാവു മേളങ്ങൾ നടക്കുക. തുടർന്നു 12 മണിയോടെ അടുത്ത പൂരത്തിന്റെ തീയതി തീരുമാനിച്ച് ഉപചാരം ചൊല്ലി പിരിയും. രാത്രി ആറാട്ടിനു ശേഷം കൊടിയിറക്കം.