തൃശൂരിൽ ഇടിമിന്നലിൽ രണ്ടുമരണം; മണ്ണിടിച്ചിലും വെള്ളക്കെട്ടും
സംസ്ഥാനത്ത് തൃശൂർ ജില്ലയിൽ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ. ഇടിമിന്നലിൽ ജില്ലയിൽ രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കുറുമാൽ പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പിൽ വീട്ടിൽ ഗണേശനാണ് (50) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനുള്ളിലിരിക്കുമ്പോൾ ഗണേശന് മിന്നലേൽക്കുകയായിരുന്നു. കോതകുളം പടിഞ്ഞാറ് വാഴൂർ ക്ഷേത്രത്തിനടുത്ത് നിന്നാണ് മറ്റൊരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. വേളെക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) ആണ് മരിച്ചത്. ഇന്ന് രാവിലെയുണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം ഉണ്ടായത്. വീടിന് പുറത്തുള്ള ശുചിമുറിയിൽവച്ച് നിമിഷയ്ക്ക് ഇടിമിന്നലേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശുചിമുറിയുടെ മേൽക്കൂര തകർന്നിട്ടുണ്ട്. ബൾബും ഇലക്ട്രിക്ക് വയറുകളും കത്തിക്കരിഞ്ഞ നിലയിലാണ്. തൃശൂർ ജില്ലയിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും വിവിധ ഭാഗങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. തൃശൂർ ഒല്ലൂരിനും പുതുക്കാടിനുമിടയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു. ഇന്നുരാവിലെ പത്തരയോടെയാണ് സംഭവം. എറവക്കാട് ഗേറ്റ് കടന്നശേഷം ഒല്ലൂർ സ്റ്റേഷന് മുമ്പായിട്ടാണ് ട്രാക്കിലേയ്ക്ക് മണ്ണിടിഞ്ഞ് വീണത്. തുടർന്ന് തിരുനെൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസ്, എറണാകുളം - ബംഗളൂരു ഇന്റർസിറ്റി, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ധി എക്സ്പ്രസ്, തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകൾ പുതുക്കാട് സ്റ്റേഷനിൽ നിർത്തിയിട്ടു. 10.45-ന് ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു.
തൃശൂരിൽ വിവിധയിടങ്ങളിൽ വെള്ളം കയറി. അശ്വനി ആശുപത്രിയിൽ വെള്ളം കയറിയതോടെ രോഗികൾ ദുരിതത്തിലായി. തൃശൂൻ ശക്തൻറോഡിലും ഇരിങ്ങാലക്കുട, പൂതംകുളം ജംഗ്ഷൻ, കുന്നംകുളം എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. ശങ്കരയ്യ റോഡ്, മുണ്ടൂപാലം, സ്വരാജ് റൗണ്ട് എന്നിവിടങ്ങളിലും വെള്ളംകയറി.അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ തൃശൂരിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. തൃശൂരിന് പുറമെ മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഇന്ന് റെഡ് അലർട്ട് നൽകിയിട്ടുണ്ട്.