തൃശൂർ നഗരം പൂരത്തിന്റെ ലഹരിയിൽ ; പൂര വിളംബരം നടന്നു
പൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്റെ തെക്കേ ഗോപുരനട തുറന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പോടെ തൃശൂര്‍ പൂരത്തിന്റെ ആചാരങ്ങള്‍ക്ക് ആരംഭമായി. നാളെയാണ് ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം.
രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക് പുറപ്പെട്ടത്. പാറമേക്കാവ് വഴി തേക്കിൻകാട്ടിലേക്ക് കയറിയ നെയ്തലക്കാവിലമ്മ മണികണ്ഠനാലിലെത്തി. അവിടെ നിന്നും പാണ്ടിമേളത്തിന്റെ അകമ്പടിയിലാമ് ശ്രീമൂലസ്ഥാനത്ത് എത്തിയത്. പ്രദക്ഷിണ വഴിയിലൂടെ വടക്കും നാഥനെ വലം വെച്ച് 12 മണിയോടെ തെക്കേ ഗോപുരം തുറന്ന് പുറത്തിറങ്ങി. ഇനിയുള്ള 36 മണിക്കൂർ നാദ, മേള വർണ്ണ വിസ്മയങ്ങളുടെ വിസ്മയമായിരിക്കുന്നു. നാളെ പൂരത്തിനെത്തുന്ന 90 ആനകളുടെ ഫിറ്റ്നസ് പരിശോധന ഉച്ചതിരിഞ്ഞ് നടക്കും രണ്ട് മണിയോടെ തേക്കിൻകാട് മൈതാനിയും പാറമേക്കാവും ആനകളെക്കൊണ്ട് നിറയും.