100 കോടി രൂപ താൻ വാഗ്‌ദാനം ചെയ്‌തുവെന്ന വാർത്ത അടിസ്ഥാനരഹിതം; ആരോപണത്തിന് പിന്നിൽ ആന്റണി രാജുവാണെന്ന് തോമസ് കെ തോമസ്
കോവൂർ കുഞ്ഞുമോൻ, ആന്റണി രാജു എന്നിവർ എൻസിപി അജിത് പവാർ പക്ഷത്തേക്ക് മാറുന്നതിന് 100 കോടി രൂപ താൻ വാഗ്‌ദാനം ചെയ്‌തുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് തോമസ് കെ തോമസ് എംഎൽഎ. ആരോപണത്തിന് പിന്നിൽ ആന്റണി രാജുവാണെന്നും, മുഖ്യമന്ത്രിയെ ആന്റണി രാജു തെറ്റിദ്ധരിപ്പിച്ചതാണെന്നും തോമസ് കെ തോമസ് പ്രതികരിച്ചു. കോവൂർ കുഞ്ഞുമോൻ കൃത്യമായി പ്രതികരിച്ചിട്ടുണ്ടെന്നും, പലരുടെയും വായടക്കാൻ ആ മറുപടി മതിയെന്നും തോമസ് കെ തോമസ് വിശദീകരിച്ചു.
ആന്റണി രാജുവിന് തന്നോടുള്ള വൈരാഗ്യമെന്താണെന്ന് അറിയില്ല. കുട്ടനാട് സീറ്റിന് വേണ്ടി ആന്റണി രാജുവും പാർട്ടിക്കാരും ഒരുപാട് ശ്രമിച്ചിരുന്നു. തോമസ് ചാണ്ടിയുടെ പ്രതിസന്ധികാലത്ത് അദ്ദേഹത്തെ ഏറ്റവും കൂടുതൽ ആക്രമിച്ചത് ആന്റണി രാജുവാണ്. അതും ഒരേ മുന്നണിയിൽ നിന്ന്. 100 ശതമാനവും മുഖ്യമന്ത്രിയെ ആന്റണി രാജു തെറ്റിദ്ധരിപ്പിച്ചു. കെട്ടിച്ചമച്ച കഥയാണ് ആരോപണമെന്നും, ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും തോമസ് കെ തോമസ് ആവശ്യപ്പെട്ടു.
കുട്ടനാട് എംഎൽഎയായ തോമസ് കെ തോമസ് 50 കോടി രൂപ വാഗ്ദാനം ചെയ്ത് രണ്ട് എംഎൽഎമാരെ കൂറുമാറ്റം നടത്താൻ നീക്കം നടത്തിയെന്നാണ് ആരോപണം. ഈ ആക്ഷേപം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തു. ആരോപണം നിഷേധിച്ചുകൊണ്ട് ഒരു കത്ത് തോമസ് കെ തോമസ് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
എംഎൽഎമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോൻ (ആർഎസ്പി ലെനിനിസ്റ്റ്) എന്നിവർക്ക് 50 കോടി വീതം തോമസ് കെ തോമസ് വാഗ്ദാനം ചെയ്‌തെന്നാണ് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ പറയുന്നത്. ബിജെപിയുടെ സഖ്യകക്ഷിയായ എൻസിപിയിൽ ചേരാനായിരുന്നു ക്ഷണിച്ചത്.