മസാല ബോണ്ട് കേസ്: ഇഡി സമൻസിന് എതിരെ ഹൈക്കോടതിയെ സമീപിച്ച് തോമസ് ഐസക്
മസാല ബോണ്ട് കേസിൽ ഇ.ഡി അയച്ച സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു. ഏപ്രിൽ 26ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് ഐസക്കിന് ഇ.ഡി വീണ്ടും സമൻസ് അയച്ചത്. മസാലബോണ്ട്–കിഫ്ബി കേസിൽ ഏഴാം തവണയാണ് ഇ.ഡി ഐസക്കിന് സമൻസ് അയയ്ക്കുന്നത്.
ഇ.ഡിയുടെ നടപടി കോടതിയോടുള്ള അനാദരവാണെന്നു ചൂണ്ടിക്കാട്ടിയാണ് ഐസക് ഹർജി സമർപ്പിച്ചിട്ടുള്ളത്. ഇത് തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും. മസാല ബോണ്ട് കേസിൽ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനെതിരെ ഐസക് നല്‍കിയിട്ടുള്ള പ്രധാന ഹർജി മേയ് 22ന് പരിഗണിക്കാൻ കഴിഞ്ഞ ദിവസം കോടതി മാറ്റിയിരുന്നു. എന്നാൽ അടിയന്തര സാഹചര്യമുണ്ടായാൽ കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് ടി.ആർ.രവി വ്യക്തമാക്കുകയും ചെയ്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയാണ് താനെന്ന് ഐസക് ഹർജിയിൽ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇ.ഡി ആവശ്യപ്പെട്ട രേഖകൾ കിഫ്ബി നൽകിയിട്ടുണ്ട്. ഇപ്പോഴുള്ള സമൻസ് തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനെന്നും ഐസക് ആരോപിച്ചു. നേരത്തേ, ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ, തോമസ് ഐസക്കിന് വീണ്ടും സമൻസ് അയച്ചത് എന്തിനാണെന്ന് കോടതി ആരാഞ്ഞിരുന്നു. തുടർന്ന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യം ഇ.ഡി ആവർത്തിച്ചിരുന്നു. സമൻസ് അയയ്ക്കുന്നത് കോടതി സ്റ്റേ ചെയ്തിട്ടില്ലാത്തതിനാൽ നേരിട്ടു ഹാജരാകാത്ത ഐസക്കിന്റെ നടപടി നിയമ ലംഘനമാണെന്നാണ് ഇ.ഡി നിലപാട്.