കത്ത് വിവാദം; മേയർ ഇന്ന് പൊലീസിൽ പരാതി നൽകും
തിരുവനന്തപുരം കോർപ്പറേഷനിലെ നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ ഇന്ന് പൊലീസിൽ പരാതി നൽകും. വ്യാജ പ്രചാരണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുക. വ്യാജ ഒപ്പിൽ സീലില്ലാത്ത ലെറ്റർപാഡുമുണ്ടാക്കി കത്ത് പ്രചരിപ്പിച്ചെന്നാണ് പരാതി. കോഴിക്കോട് നിന്ന് ഇന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷം സിറ്റി പൊലീസ് കമ്മീഷണർക്കോ മ്യൂസിയം പൊലീസിനോ പരാതി നൽകാനാണ് ആലോചന. അതിന് ശേഷം മാധ്യമങ്ങളെ കണ്ട് വിശദീകരണം നൽകും. അതിനിടെ മേയർക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
കരാർ നിയമനങ്ങൾക്ക് സിപിഎം പട്ടിക ആവശ്യപ്പെട്ട് കത്ത് വിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ് തിരുവനന്തപുരം നഗരസഭ. ആരോഗ്യമേഖലയിലെ ഒഴിവുകളിലേക്ക് മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ടാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റർപാഡിൽ കത്ത്. തൊട്ട് പിന്നാലെ എസ്എടി ആശുപത്രി പരിസരത്തെ വിശ്രമ കേന്ദ്രത്തിലേക്ക് ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി നേതാവ് ഡിആർ അനിൽ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തും പുറത്തു വന്നു.