പറഞ്ഞ നിലപാടിൽ മാറ്റമില്ല; വിജിലൻസ് അന്വേഷണം നടക്കട്ടെയെന്നും മാത്യു കുഴൽനാടൻ എം.എൽ.എ
വിജിലൻസ് അന്വേഷണത്തിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എം.എൽ.എ.'പറഞ്ഞ നിലപാടില്‍ മാറ്റമില്ല. ഏതൊരു അന്വേഷണത്തെയും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. സര്‍ക്കാരിന് എത്ര വേണമെങ്കിലും അന്വേഷിക്കാം.' വിശദമായി നാളെ പ്രതികരിക്കുമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. മാത്യു കുഴൽനാടൻ ചിന്നക്കനാലില്‍ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കാനാണ് വിജിലന്‍സിന് അനുമതി നല്‍കിയത്. വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
കുഴല്‍നാടന്റെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ കപ്പിത്താന്‍സ് റിസോര്‍ട്ടിന് കഴിഞ്ഞ ദിവസം ചിന്നക്കനാല്‍ പഞ്ചായത്ത് ഹോം സ്റ്റേ ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നു. ലൈസന്‍സിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് അഞ്ചു വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ അപേക്ഷ നല്‍കി. പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കാന്‍ നിദ്ദേശം നല്‍കി. ഇവ ഹാജരാക്കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ലൈസന്‍സ് പുതുക്കി നല്‍കിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഡിസംബര്‍ 31 വരെയായതിനാലാണ് അതുവരെ മാത്രം ലൈസന്‍സ് പുതുക്കി നല്‍കിയത്.
മുന്‍പ് ഹോം സ്റ്റേ ലൈസന്‍സായിരുന്നതിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റിസോര്‍ട്ട് ലൈസന്‍സാണ് പഞ്ചായത്ത് അനുവദിച്ചത്. അതിനുസരിച്ചുള്ള നികുതിയും നല്‍കുന്നുണ്ട്. ഇത് ക്ലറിക്കല്‍ പിഴവാണെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. റിസോര്‍ട്ടിന് ചതുരശ്രയടിക്ക് 90 രൂപയും ഹോസ്റ്റേയ്ക്ക് 60 രൂപയുമാണ് നികുതി നല്‍കേണ്ടത്. പഞ്ചയത്തിന്റെ വസ്തു നികുതി രേഖകളില്‍ ഈ കെട്ടിടം റിസോര്‍ട്ട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിസോര്‍ട്ട് ഹോം സ്റ്റേയായി മാറുന്നതോടെ നികുതിയിലും ഫീസിലും ഇളവ് നല്‍കുന്ന കാര്യത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാണ് തീരുമാനം എടുക്കേണ്ടത്.