വിനോദയാത്ര പോയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; പിതാവും മകനും മരിച്ചു
മലപ്പുറത്ത് നിന്ന് മൈസൂരുവിലേക്ക് വിനോദ യാത്ര പോയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഇന്നലെ രാത്രിയിൽ നഞ്ചൻഗോഡ്-ഗുണ്ടൽപേട്ട് റോഡിലെ ഹൊസഹള്ളി ഗേറ്റിന് സമീപത്തായിരുന്നു അപകടം. മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശികളായ അബ്ദുൾ നാസർ നാസറിന്റെ മകൻ നഹാസ് (14) എന്നിവരാണ് മരിച്ചത്. നാസറിന്‍റെ മൂത്ത മകൻ നവാഫിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 11 മണിയോടെ ഇവർ സഞ്ചരിച്ച ഇന്നോവ കാർ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹങ്ങൾ നഞ്ചൻഗുഡ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. വാണിയമ്പലത്തിൽ നിന്നും ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് നാസറും കുടുംബവും കാറിൽ മൈസൂരുവിലേക്ക് തിരിച്ചത്. എട്ട് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത് മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സജ്നയാണ് അബ്ദുൾ നാസറിന്റെ ഭാര്യ. നിയ ഫാത്തിമ മകളാണ്